വനിതാമതിലും നവോത്ഥാനവും

വനിതമതിൽ നവോത്ഥാനം കൊണ്ടുവരുമോ എന്ന ചോദ്യത്തിന് ഇല്ല എന്ന് തന്നെയാണ് ഉത്തരം. നവോത്ഥാനം ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് ഉണ്ടാവുന്ന ഒന്നല്ല, അത് സമൂഹ മനസ്സിൽ സംഭവിക്കുന്ന പരിവർത്തനം ആണ്. കൂടുതൽ കൂടുതൽ ആളുകൾ വ്യക്തി സ്വാതന്ത്ര്യത്തെ പറ്റി മനസ്സിലാക്കി തുടങ്ങുമ്പോൾ, കൂടുതൽ കൂടുതൽ ആളുകൾ മറ്റുള്ളവരുടെ സ്വാതന്ത്ര്യം ലംഘിക്കാതെ ഇരിക്കാൻ ശ്രമിക്കുമ്പോൾ നവോത്ഥാനം സംഭവിക്കുന്നു.

എന്നാൽ നവോത്ഥാനം ഒരു തുടർപക്രിയ കൂടെ ആണ്. അത് ഒരു നിമിഷം സംഭവിച്ചു കഴിഞ്ഞ് പോകുന്ന ഒന്നല്ല. മാറ്റങ്ങളുടെ ഒരു ഒഴുക്ക് ആണ് നവോത്ഥാനം. അത് അനുസൃതം തുടർന്ന് കൊണ്ടേയിരിക്കും. ചില സമയത്ത് പെട്ടെന്ന് ചില സാമൂഹിക മാറ്റങ്ങൾ അത്യാവശ്യമായി വരും. അപ്പോഴാണ് ചില നേതാക്കൾ വിപ്ലവകരമായ ചില മാറ്റങ്ങൾക്ക് വേണ്ടി പ്രതിലോമ നിലപാട് സ്വീകരിക്കുന്ന സമൂഹശക്തികൾക്ക്‌ എതിരേ ശബ്ദം ഉയർത്തുകയും പെട്ടെന്നുള്ള ചില മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്യുന്നത്.

ഇത്രയൊക്കെ പറഞ്ഞത് എന്താണ് എന്ന് വെച്ചാൽ പലപ്പോളും നമ്മൾ നവോത്ഥാനത്തിന്റെ അടയാളമായി പല സംഭവങ്ങളും പറയാറുണ്ടെങ്കിലും, അവ നവോത്ഥാന പാതയിലെ നാഴികക്കല്ലുകൾ മാത്രം ആണ് എന്ന് സൂചിപ്പിക്കാൻ ആണ്. ഇത്തരം മാറ്റങ്ങൾ പെട്ടെന്ന് ഉണ്ടാവുന്നത് പിന്തിരിപ്പൻ ശക്തികളുടെയും പുരോഗമന ശക്തികളുടെയും വടംവലി സമൂഹത്തിന് താങ്ങാൻ ആവാത്ത നിലയിൽ എത്തുമ്പോൾ ആണ്. സമൂഹത്തിന്റെ സ്വാതന്ത്ര്യ ചിന്ത പ്രതിലോമ ശക്തികളുടെ അടിച്ചമർത്തലിനെ സഹിച്ചു സഹിച്ചു ഉണ്ടാവുന്ന സമ്മർദ്ദം നിയന്ത്രണത്തിന് അതീതമാവുകയും, സമൂഹത്തിൽ ഒരു പൊട്ടിത്തെറി ഉണ്ടാവുകയും ചെയ്യും.

രാജാറാം മോഹൻ റോയിയുടെ ശ്രമഫലമായി ബെന്റിക് സതി നിരോധിച്ചത്, കേരളത്തിൽ ക്ഷേത്രപ്രവേശനം, ഈഴവശിവന്റെ പ്രതിഷ്ഠ ഒക്കെ ഇങ്ങനെയുള്ള പൊട്ടിത്തെറികൾ ആയിരുന്നു. വനിതാമതിൽ അതുപോലെ ഒരു പൊട്ടിത്തെറി ആണ് എന്ന് അവകാശവാദം ഉന്നയിക്കാൻ പോലും കഴിയുന്ന ഒന്നല്ല. പിന്നെ എന്താണ് വനിതാമത്തിൽ എന്ന് ചോദിച്ചാൽ, അതൊരു പ്രതിരോധം ആണ്. ദൈവത്തിന്റെ പേരിൽ ഇൗ നാട്ടിലെ ജനങ്ങളുടെ മുഴുവൻ സ്വൈര്യസഞ്ചാരം തടസ്സപ്പെടുത്താൻ ഇറങ്ങിപുറപ്പെടുന്ന ചിലർക്കുള്ള ഒരു മുന്നറിയിപ്പാണ്. സ്ത്രീ സമത്വം എന്ന ആശയം ഉയർത്തിപ്പിടിക്കുന്ന കുറച്ചു പേരെങ്കിലും ഇൗ നാട്ടിൽ ജീവിച്ചിരിപ്പുണ്ട് എന്നും, അവർ അവരുടെ ആശയങ്ങൾക്ക് വേണ്ടി പൊരുതുക തന്നെ ചെയ്യും എന്ന ഒരു വിളംബരം മാത്രമാണ്. അതിനേക്കാൾ ഒക്കെ ഉപരി, ഇന്നും അന്തപുരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന, തങ്ങൾ തടങ്കലിൽ ആണ് എന്ന് തിരിച്ചറിയുക പോലും ചെയ്യാത്ത ‘അന്തർജനങ്ങൾക്ക് ‘ അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് വരാനുള്ള, ഒരു അവസരം കൂടിയാണ്. അതിലപ്പുറം ഒന്നും തന്നെയില്ല ഇൗ വനിതാമതിലിൽ. അനുസൃതം തുടരുന്ന നവോത്ഥാനത്തിന്റെ ഒരു ചെറിയ കണ്ണി മാത്രം.

ചില ജാതി സംഘടനകൾ ഇതിൽ പങ്കെടുക്കുന്നത് കൊണ്ട് ഇത് ജാതി മതിൽ ആവും എന്ന് ചിന്തിക്കുന്നവർ മൂഡസ്വർഗത്തിൽ ആണ് ജീവിക്കുന്നത്. ഒരു ജാതിക്കാർ മാത്രം പങ്കെടുക്കുന്നത് ആണെങ്കിൽ മാത്രമേ ജാതി അടിസ്ഥാനത്തിൽ ഇതിനെ കാണാൻ പറ്റൂ. വ്യതസ്ത ജാതി സംഘടനകൾ പങ്കെടുക്കുമ്പോൾ അത് ജാതിമതിൽ അല്ല, ജാത്യാതീത മതിൽ ആണ് ആവുന്നത്. അതിൽ പങ്കെടുക്കാതെ മാറി നിൽക്കുന്ന ഏതെങ്കിലും ജാതിക്കാർ ഉണ്ടെങ്കിൽ അവരാണ്, ജാതീയതയുടെ ചൂട്ട്‌ കത്തിച്ച് സൂര്യന്റെ വെളിച്ചം ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.

പിന്നെ അടുത്ത പരിഹാസം വെള്ളാപ്പള്ളി നടേശൻ ഒക്കെയാണ് കമ്യൂണിസ്റ്റുകാരുടെ ഇപ്പോളത്തെ നവോത്ഥാന നായകർ എന്നാണ്. വെള്ളാപ്പള്ളി നടേശനെ പോലെ സൗകര്യപൂർവം എത് വള്ളത്തിലും കാലു വയ്ക്കുന്ന സമൂഹ രാഷ്ട്രീയ കച്ചവടക്കാരുടെ സ്ഥാപിത താൽപ്പര്യങ്ങൾ ഒന്നും തിരിച്ചറിയാൻ കഴിവില്ലാത്തവൻ ആണ് പിണറായി വിജയൻ എന്ന തന്ത്രശാലിയായ നേതാവ് എന്ന് ചിന്തിക്കുന്നവർ പടുവിഡ്ഡികൾ അല്ലെങ്കിൽ പിന്നെ എന്താണ്?

കേരളത്തിലെ നവോത്ഥാന കാലഘട്ടത്തിൽ, അതിന് നേതൃത്വം കൊടുത്ത സംഘടനകളെ, അവയുടെ ഇന്നത്തെ നേതാക്കളെ ക്ഷണിച്ചപ്പോൾ വന്ന എല്ലാ നേതാക്കളെയും സ്വീകരിച്ചു ആശയങ്ങൾ സ്വീകരിക്കുക എന്നതാണ് കരണീയം, അല്ലാതെ മാനനീകരണങ്ങളുടെ മതിലുകൾ കെട്ടി ചിലരെ ഒഴിവാക്കുക എന്നതല്ല ഒരു ഭരണാധികാരി ചെയ്യേണ്ടത്. പ്രത്യേകിച്ചും ഇരുട്ടിന്റെ ശക്തികൾ ഒന്നായി എതിർക്കുന്ന കെട്ട കാലങ്ങളിൽ. അത് കൊണ്ട് തന്നെയാണ് ശത്രുപക്ഷത്ത് നിൽക്കേണ്ട ചിലരെ സ്വപക്ഷത്ത് നിർത്തുന്ന പിണറായിയുടെ തന്ത്രജ്ഞത.

മനുഷ്യൻ ചൊവ്വയിൽ പോകുന്നതിനെ കുറിച്ചു ചിന്തിക്കുന്ന ഇൗ കാലത്തിലും നൂറ്റാണ്ടുകൾക്ക് മുൻപുള്ള ചൊവ്വാദോഷവും മറ്റ് അന്ധവിശ്വാസങ്ങളും മനുഷ്യജീവിതത്തിന്റെ ഗതി തീരുമാനിക്കണം എന്ന് വാശി പിടിക്കുന്ന,
മനുഷ്യനെ ശിക്ഷിച്ചും ദൈവത്തെ സംരക്ഷിക്കാൻ വെമ്പുന്ന കാട്ടുകൂട്ടങ്ങളുടെ ഇരുട്ടിന്റെ മറയിലേക്ക്‌ വെളിച്ചം തന്നെയാണ് ഇൗ മതിൽ. കൈകൾ ചേർത്ത് പിടിച്ച് മനുഷ്യർ ഒന്നാകുന്ന ഒരു വൻ പാലം തന്നെയാണ് ഇൗ മതിൽ.

ഒരു ദിവസം തുടങ്ങുന്നത്…

ഒരു ദിവസം തുടങ്ങുന്നത്
ഫോണിന്റെ നിർത്താതെയുള്ള
ചിലമ്പൽ കേട്ടുകൊണ്ടാണ്
ഇരുട്ടിന്റെ മീതെ പുതച്ച
തണുപ്പിന്റെ കരിമ്പടം
മെല്ലെ വലിച്ചു നീക്കി
സ്നൂസ്‌ ബട്ടണിൽ വിരലമർത്തി…
ആദ്യവെളിച്ചപ്പൊട്ടുകൾ ഉണരും മുൻപേ…
തലേന്നത്തെ സുരപാനത്തിന്റെ
അധിക മേദസ്സ് വിയർപ്പിലൊഴുക്കി
കിതച്ചു കിതച്ചു ഓടുന്ന പ്രഭാതം,
ശീതീകരണിയിൽ നിന്നുമുള്ള
മൂളിപ്പാട്ട് കേട്ട്,
തുകൽ കസേരകളിൽ തിരിഞ്ഞ്
ചുണ്ടുകളിൽ എരിഞ്ഞുതീരുന്നു
ലോകം,
കീബോർഡിനും മൗസിനും ഇടയ്ക്ക്
ചെറിയ ചതുരക്കള്ളിയിൽ
ഒരൽപം പ്രണയം കുടുങ്ങിക്കിടന്നു
കീബോർഡിൽ ദ്രുതതാളത്തിൽ
ആസക്തിയുടെ താണ്ഡവം…
അവസാനം ഇരുട്ടിന്റെ തുടക്കത്തിൽ
അബോധത്തിലേക്കും…
പിന്നെ പതിയെ പതിയെ ഇരുട്ടിനുള്ളിലേക്കും…
വീണ്ടും വെളിച്ചത്തിന് മുൻപേ എത്തുന്ന
മണിനാദത്തിനായി…
ഇങ്ങനെയൊക്കെ തീരാൻ വേണ്ടിത്തന്നെയായിരിക്കും
ഓരോ ദിവസവും തുടങ്ങുന്നത്…

മെര്‍സല്‍

മെര്‍സല്‍, അതെ… അതാണിന്നത്തെ ചിന്താവിഷയം.
കേന്ദ്രസർക്കാർ നയങ്ങളെ വിമർശിക്കുന്നു എന്ന പേരിൽ ബി ജെ പിയുടെ ആക്രമണം നേരിട്ടാണ് മെർസൽ ചിന്താവിഷയമായത്.

ഇവിടെ പ്രസക്തമാവുന്ന ആദ്യ ചോദ്യം ‘സിനിമക്ക് സർക്കാരിനെ വിമർശിക്കാൻ അവകാശം ഇല്ലേ എന്ന് തന്നെയാണ്. കുറച്ചു കൂടി വിശാലമായി ചോദിച്ചാൽ കലക്ക് ഭരണകൂടങ്ങളെ വിമർശിക്കാൻ അവകാശമില്ലേ എന്നതും ചോദിക്കാം.

കല കലക്ക് വേണ്ടി മാത്രമാണ് സമൂഹത്തിനോട് കലയ്ക്ക് ഒരു ബാധ്യതയുമില്ല എന്ന് വിശ്വസിച്ചിരുന്ന ഒരു കൂട്ടത്തിനോട് ഉള്ള ഒരു കലഹം ആയിത്തന്നെ ആണ് കല സമൂഹത്തിനു വേണ്ടിയുള്ളതാണ് എന്ന പ്രഖ്യാപനത്തോടെ പുരോഗമന കലാസാഹിത്യ പ്രസ്ഥാനങ്ങൾ എമ്പാടും ഉണർന്നെണീറ്റത്‌.

ഇനി കലയെ മാറ്റി നിർത്തി നോക്കിയാൽ സമൂഹത്തിൽ ആർക്കും ഭരണകൂടത്തെയും, ഭരണകൂടനയങ്ങളെയും വിമർശിക്കാൻ അവകാശം തരുന്ന ഒരു ഭരണഘടനാ അല്ലെ നമ്മുടേത്. 19 -ആം വകുപ്പിൽ ഭരണഘടന പറയുന്ന അഭിപ്രായ സ്വാതന്ത്രയം അത് ഉറപ്പിച്ചു തരുന്നുമുണ്ടല്ലോ.

വിയോജിക്കാനുള്ള അവകാശം ആണ് ജനാധിപത്യത്തിന്റെ ആണിക്കല്ല് എന്ന് പറഞ്ഞതാരാണെന്നു ഓർമ്മയില്ലെങ്കിലും, അതിന്റെ സത്യത്തിൽ ആർക്കും സംശയം ഉണ്ടാവാൻ തരമില്ല. ഒരു പക്ഷെ ഫാസിസ്റ്റുകൾക്ക് ഒഴിച്ച്.

പക്ഷെ പുതിയ എതിർപ്പ് വിമർശനം വസ്തുനിഷ്ഠാപരമല്ല എന്നതാണ്. സിനിമക്ക് കഥയെഴുതുമ്പോൾ സത്യം മാത്രമേ പറയാവൂ എന്നും നിർബന്ധം ഉണ്ടോ?

സത്യജിത് റേയുടെ സിനിമകളിലെ മിത്തിക്കൽ അംശങ്ങൾ ഒക്കെ നിരോധിക്കപ്പെടേണ്ടതാണോ?

ഒരു പക്ഷെ അച്ഛൻ പത്തായത്തിലില്ല എന്ന് പറയുന്ന കുട്ടിയെപ്പോലെയാണോ ഈ ബി ജെ പിക്കാർ മെർസലിനെ എതിർക്കുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

വാഗ്ധോരണി കൊണ്ട് ചക്രവർത്തിയെപ്പോലും വെല്ലുവിളിച്ച ഗ്രീക്ക് പ്രാസംഗികൻ ഡെമോസ്തനീസിനെയും, ചിലിയിലെ ഏകാധിപതികളെ വിറളി പിടിപ്പിച്ച നെരൂദയെയും പോലെ ഓരോ കലാകാരനും തന്നാലാവും വിധം ഭരണകൂട നികൃഷ്ടതകൾക്കെതിരെ പ്രതികരിച്ചിരുന്നു.

അതോടൊപ്പം ശ്രദ്ധിക്കേണ്ടത് തമിഴിലെ എല്ലാ പ്രധാന നടന്മാരും വിജയിന് പിന്തുണ പ്രഖ്യാപിച്ചു എന്നതാണ്. പ്രബുദ്ധകേരളത്തിലെ താരങ്ങൾ പേടിച്ചു നിൽക്കുകയും ചെയ്യുന്നു. നമ്മുടെ സിനിമാതാരങ്ങൾ സുരക്ഷിതമായ സിനിമകൾ നിർമ്മിച്ച് സമൂഹത്തിൽ നിന്നും അകന്നു കഴിയുമ്പോൾ ഒരു സംഘടനയുടെയും ബലത്തിന് കാക്കാതെ തമിഴ് താരങ്ങൾ നിലപാടുകൾ എടുക്കുന്നു. അവ തുറന്നു പറയുന്നു.

ആരെയും എന്തിനെയും എപ്പോളും വിമർശിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ ജനാധിപത്യം അർത്ഥശൂന്യമാണ്‌ എന്ന് മനസ്സിലാക്കാൻ എങ്കിലും ഈ സന്ദർഭം ഉപയോഗപ്പെടട്ടെ. അല്ലെങ്കിൽ സ്വാതത്ര്യം അടിയറവെച്ചവന്ധ്യംകരിക്കപ്പെട്ട ഒരു ജനതയായിരുന്നു നമ്മൾ എന്ന് ചരിത്രം വിധിയെഴുതും.

ബുദ്ധം

ഒരു രാത്രി,

ചെളിയിൽ പുതഞ്ഞ കുളമ്പുകളുടെ

പതിഞ്ഞ ശബ്ദങ്ങൾക്ക്

അകമ്പടി സേവിക്കണം…

ഏതോ അതിർവരമ്പുകൾക്കിടയിൽ

ചാന്നായെ തിരിച്ചയാക്കണം

കൊട്ടാരത്തിന്റെ കൈകൾ എത്താത്ത

ദൂരത്തോളം തനിയെ നടക്കണം

എതോ പട്ടണത്തിൽ കാത്തിരിക്കുന്ന

ഗുരുവിനെ കാണണം

പിന്നെ ഒരു സുപ്രഭാതത്തിൽ

അവിടുന്നും നടക്കണം

വിശന്ന് തളർന്നു വീഴുമ്പോൾ

ഒരു ഗ്രാമീണ കന്യകയുടെ കൈയ്യിലെ

ചോറും പാലും ഉയിർപ്പാക്കണം

എന്നെങ്കിലും വീണ്ടും

രാഹുലനെയും കൂട്ടി വീണ്ടും പോകാൻ

ഒരിക്കൽ കൂടി തിരികെ വരണം

ഇതിനിടയിൽ എനിക്കായി കാത്തിരിക്കുന്ന

നിരഞ്ജനയിൽ സ്നാനം

പിന്നെ ഏതോ ഒരു ഗയയിൽ

ബോധോദയം…

ക്വൊട്ടേഷൻ

ഹലോ?

ഹലോ.

സുരേഷ് കുമാർ അല്ലെ…

ഏതു സുരേഷ് കുമാറിനെയാണ് വേണ്ടത്?

ഈ.. വടിവാൾ.. സുരു… എന്ന്…

ആ, എന്താ വേണ്ടത്?

ഒരു വർക്ക് ഉണ്ടായിരുന്നു…

ഒരാളെ തട്ടണം… അവൻ എന്നെ കളിയാക്കി…

കളിയാക്കിയതിനൊക്കെ തട്ടണോ?

വേണം, ഇല്ലെങ്കിൽ എനിക്ക് ഈ നാട്ടിൽ ഒരു വിലയുമുണ്ടാവില്ല…

എന്റെ റേറ്റ് ഒക്കെ അറിയാമല്ലോ അല്ലെ? ഡീറ്റയിൽസും അഡ്വാൻസും എത്തിച്ചോളൂ.

വീട്ടിൽ എത്തിക്കണോ, അതോ…

വീട്ടിൽ കൊടുത്തോളൂ, ബൈ ദി ബൈ, നിങ്ങളുടെ പേരെന്താ…

ഞാൻ ദൈവം… എന്നെ കളിയാക്കുന്ന തെണ്ടികൾക്കൊക്കെ ഒരു പണി കൊടുക്കണം… അതാ…

ബീപ്പ് ബീപ്പ് ബീപ്പ്…….

പ്രസവാനന്ദം…

മാതൃഭുമിയില്‍ ബിജി ഹിലാല്‍ പറയുന്നു പ്രസവം വീട്ടില്‍ മതി ആശുപത്രിയില്‍ വേണം എന്നില്ല എന്ന്. സാങ്കേതികമായി അതില്‍ തെറ്റൊന്നും ഇല്ല. വീട്ടിലെ പ്രസവവും ആശുപത്രിയിലെ പ്രസവവും തമ്മില്‍ സത്യസന്ധമായി പറഞ്ഞാല്‍ വലിയ വ്യത്യാസങ്ങള്‍ ഒന്നും ഇല്ല. ഒന്ന് വീട്ടില്‍ നടക്കുന്നു, മറ്റേത് ആശുപത്രിയില്‍ നടക്കുന്നു എന്നതൊഴിച്ച്.

പിന്നെ എന്തിന്നാണ് ആശുപത്രിയില്‍ പ്രസവിക്കാന്‍ സര്‍ക്കാരും, ആരോഗ്യപ്രവര്‍ത്തകരും ആഹ്വാനം ചെയ്യുന്നത്?

പ്രസവം സങ്കീര്‍ണമായ ഒരു പ്രക്രിയ ആണ്. കൃത്യമായി പ്രസവവേദന അനുഭവപ്പെടണം, ഗര്‍ഭപാത്രം സങ്കോചിക്കണം, ഗര്‍ഭമുഖം വികസിക്കണം, കുട്ടി താഴേക്ക് ഇറങ്ങണം – അതും തല താഴെക്കായി തന്നെ വേണം, മറുപിള്ള പുറത്തു വരണം, അങ്ങനെ, അങ്ങനെ. പ്രകൃതിയില്‍ ഈ സങ്കീര്‍ണമായ പ്രക്രിയ അനുസ്യുതം നടക്കുന്നത് തന്നെയാണ്. മനുഷ്യന്‍ ഒഴിച്ച് മറ്റെല്ലാ മൃഗങ്ങളും ഇപ്പോളും പ്രകൃതിയില്‍ സ്വാഭാവികമായി പ്രസവിക്കുന്നു.

പക്ഷെ ഇതിനിടക്ക്‌ എന്തെങ്കിലും പ്രശ്നമുണ്ടാവാന്‍ സാധ്യത വളരെ അധികം ആണ്. സമയം എത്താതെയുള്ള പ്രസവം, അമ്നിയോട്ടിക് ഫ്ലൂയിഡ് കുറവ്, കൃത്യമായ സങ്കോചം നടക്കാതിരിക്കുക എന്നിവ അതില്‍ ചിലതാണ്. അങ്ങനെ ഉള്ള സന്ദര്‍ഭങ്ങളില്‍ ആശുപത്രിയില്‍ ആണെങ്കില്‍ വേണ്ട നടപടികള്‍ എടുക്കാന്‍ സാധിക്കും. വീട്ടിലാണെങ്കില്‍, ആ സാഹചര്യത്തില്‍, അമ്മയെ, ചിലപ്പോള്‍ കുഞ്ഞിനേയും പ്രകൃതിക്ക് വിട്ടു കൊടുക്കാനെ കഴിയൂ. അപ്രതീക്ഷിതമായി സംഭവിക്കുന്ന ഇത്തരം അപകടങ്ങള്‍ ആണ് ആശുപത്രിയിലെ പ്രസവം അനിവാര്യമാക്കുന്നത്.

വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രസവം നടക്കുമ്പോള്‍, അണുബാധ ഉണ്ടാവാനുള്ള സാധ്യത കൂടുതല്‍ ആണ്. അണുബാധ മൂര്ചിച്ചാണ് പ്രസവാനുബന്ധ മരണങ്ങളില്‍ സിംഹഭാഗവും നടക്കുന്നത്. ആശുപത്രിയില്‍ അണുവിമുക്തമാക്കപ്പെട്ട  സാഹചര്യത്തില്‍ നടക്കുന്ന പ്രസവത്തില്‍ ഈ സാധ്യത വിരളമാണ്. എന്നാല്‍ വളരെ വൃത്തിയായി സൂക്ഷിച്ച ഒരു മുറിയില്‍, അണുനാശിനി ഉപയോഗിച്ച് കഴുകി, പ്രവേശനം നിയന്ത്രിച്ചു പ്രസവിച്ചാല്‍,  അണുബാധക്കുള്ള സാധ്യത വിരളമാണ്. വീട്ടിലും സാധ്യമായതാണ് ഇത് എന്നര്‍ത്ഥം.

രണ്ടുകാലില്‍ നടക്കുന്ന മനുഷ്യന്റെ പ്രസവമുഖം ഭാരനിയന്ത്രണത്തിനു വേണ്ടി ചുരുങ്ങിവരികയും, ബുദ്ധിവികാസത്തിന്റെ അനന്തരഫലമായി തല വലുതാകുകയും ചെയ്തത് പ്രസവം കൂടുതല്‍ ബുദ്ധിമുട്ടാക്കി എന്ന് ചില വിദഗ്ധര്‍ പറയുന്നു. എന്നാല്‍, ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതല്ല ഇതൊന്നും.  സിസേറിയന്‍ ഉണ്ടാവാന്‍ എല്ലാവരും സാധ്യതപട്ടികയില്‍ ഒരേപോലെ ഉള്‍പ്പെടുത്തുന്ന കാരണങ്ങള്‍ ഗര്‍ഭിണിയുടെ പ്രായം, കുഞ്ഞിന്റെ ഭാരക്കുറവ്, അമ്മയുടെ ഭാരക്കൂടുതല്‍, എന്നിവയോടൊപ്പം സ്വകാര്യ ആശുപത്രിയിലെ പ്രസവം കൂടിയാണ്.

സ്വകാര്യ ആശുപത്രിയിലെ പ്രസവം സിസേറിയന്‍ കൂട്ടുന്നു എന്ന് പറയുമ്പോള്‍ത്തന്നെ അസ്വാഭാവികത തോന്നുന്നില്ലേ?

92-93 കാലയളവില്‍ ഇന്ത്യയിലെ പ്രസവങ്ങളില്‍ രണ്ടര ശതമാനം മാത്രമായിരുന്നു സിസേറിയന്‍ എങ്കില്‍ ഇന്ന് അത് 20 ശതമാനത്തില്‍ എത്തി നില്‍ക്കുന്നു. ലോകാരോഗ്യ സംഘടന പറയുന്ന കണക്കനുസരിച്ച് 10 മുതല്‍ 15 ശതമാനം മാത്രമേ സിസേറിയന്‍ ആവശ്യമുള്ളൂ എന്നിരിക്കെയാണ് ഇത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇത് 10 ശതമാനത്തോട് അടുത്തുനില്‍ക്കുമ്പോള്‍ സ്വകാര്യ ആശുപത്രികളുടെ കണക്കെടുത്താല്‍ ഇത് മുപ്പതു ശതമാനത്തിനും മുകളില്‍ ആണ്.

എന്റെ അനുഭവം പറയാം. ഭാര്യയുടെ പ്രസവത്തിനു വേണ്ടി പാലക്കാട് ജില്ലയിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജ് തിരഞ്ഞെടുത്തത് അവിടുത്തെ വൃത്തിയും സൌകര്യങ്ങളും കണ്ടിട്ടാണ്. വൃത്തിഹീനമായ ആശുപത്രിയില്‍ വീട്ടിലെതിനെക്കാള്‍ കൂടുതല്‍ അണുബാധ സാധ്യത ഉണ്ടല്ലോ. സ്വാഭാവികമായി വളരുന്ന കുട്ടി. സ്കാന്‍ റിപ്പോര്‍ട്ടുകള്‍ നോര്‍മല്‍. എന്നാല്‍ എല്ലാ കൂടിക്കാഴ്ചയിലും ആശുപത്രി മുതലാളി കൂടെയായ ഡോക്ടര്‍ പറഞ്ഞുകൊണ്ടിരുന്നത് കുട്ടിക്ക് ഭാരം കുറവാണ്, സിസേറിയന്‍ വേണ്ടി വരും എന്നാണ്. അവസാനം 33-ആമത് ആഴ്ചയില്‍ ഡോക്ടര്‍ തീര്‍പ്പ് കല്‍പ്പിച്ചു. അടുത്ത ആഴ്ച പ്രസവം. ഞാന്‍ ഡല്‍ഹിയില്‍ നിന്നും നാട്ടിലെത്തി. അടുത്ത ആഴ്ചയില്‍ ഡോക്ടറെ കണ്ടു. ഡോക്ടര്‍ പല്ലവി ആവര്‍ത്തിച്ചു. ഇന്ന് തന്നെ പ്രസവിക്കാം. കുട്ടിക്ക് ഭാരം കുറച്ചു കുറവാണ്, എന്നാല്‍ അപായകരമായ രീതിയില്‍ കുറവല്ല. സ്കാന്‍ റിപ്പോര്‍ട്ടില്‍ കാര്യമായ പ്രശ്നങ്ങള്‍ ഒന്നും ഇല്ല എന്നും, അടിയന്തിരമായി പ്രസവിക്കെണ്ടതായ യാതൊരു സാഹചര്യവും ഇല്ല എന്നും ഞാന്‍ വാദിച്ചപ്പോള്‍ ഡോക്ടര്‍ സമ്മതിക്കുകയും ചെയ്തു. എന്നാലും റിസ്ക്‌ ഒഴിവാക്കാന്‍ അടുത്ത ആഴ്ച വീണ്ടും വരാനും, വേണ്ടിവന്നാല്‍  അഡ്മിറ്റ്‌ ചെയ്യാനും ഉപദേശിച്ചു. കുട്ടിയുടെ ജീവന് ഭീക്ഷണി ഉണ്ട് എന്ന് ഉറപ്പുള്ള സാഹചര്യത്തില്‍ മാത്രമേ 36 ആഴ്ച ആവുന്നതിനു മുന്‍പ് പ്രസവിപ്പിക്കാവൂ എന്നാണ് വൈദ്യശാസ്ത്രം.

35-ആം ആഴ്ചയില്‍ വീണ്ടും ആശുപത്രി. അഡ്മിറ്റ്‌ ആയി. ഡോക്ടര്‍ പലവിധേന പ്രസവിപ്പിക്കുന്നതാണ് നല്ലത് എന്ന് ഉപദേശിച്ചു. ഞങ്ങള്‍ വഴങ്ങിയില്ല. 36 ആഴ്ച എങ്ങനെയോ തികച്ചു. ഇതുവരെ പ്രസവം ആവാത്ത സ്ഥിതിക്ക് വീട്ടില്‍ പോയി വേദന ഉണ്ടാവുമ്പോള്‍ വന്നാല്‍ പോരെ എന്ന് ഡോക്ടറോട്. മനസ്സില്ലാമനസ്സോടെ മനസ്സോടെ ഡോക്ടര്‍ സമ്മതം മൂളി. പരിശോധനകള്‍ക്ക് ശേഷം ഡിസ്ചാര്‍ജ്. വൈകുന്നേരം വീട്ടില്‍ എത്തി, രാത്രി ഉറങ്ങി, പുലര്‍ച്ചെ നനവ്‌ തോന്നി ആശുപത്രിയിലേക്ക് പോയി. അമ്നിയോടിക് ഫ്ലൂയിഡ് ലീക്ക് ആയി എന്നും ഉടനെ പ്രസവപ്പിക്കണം എന്നും പറഞ്ഞു. പ്രസവിപ്പിക്കാന്‍ ഉള്ള ആദ്യ രീതി, സഞ്ചി പൊട്ടിച്ചു വെള്ളം കളയുക എന്നതാണ്. കുറച്ചു കഴിയുമ്പോള്‍ വേദന വന്നില്ലെങ്കില്‍ ഓക്സിടോസിന്‍ ഇന്‍ജക്ഷന്‍ കൊടുക്കും. മിക്കവാറും ആളുകള്‍ അതോടെ പ്രസവിക്കും. അവശേഷിക്കുന്ന 10 ശതമാനത്തിനു സിസേറിയന്‍ വേണ്ടിവരും.  ചുരുക്കിപറഞ്ഞാല്‍ ഡോക്ടര്‍ ആഗ്രഹിച്ചപോലെ സിസേറിയന്‍ ആക്കിയെടുത്തു എന്ന് പറയുന്നതാവും ശെരി.

ലേബര്‍ റൂമില്‍ കയറി സഞ്ചി പൊട്ടിച്ചു കഴിഞ്ഞാല്‍, പിന്നെ ഡോക്ടര്‍ പറയുന്നതാണ് ശെരി. പിന്നെ നമുക്ക് ഒരു അഭിപ്രായവും പറയാന്‍ ഉള്ള സാഹചര്യം ഉണ്ടാവില്ല. വളരെ അപൂര്‍വ്വം ആശുപത്രികളില്‍ പ്രസവമുറിയില്‍ ഭര്‍ത്താവിനെ അനുവദിക്കാറുണ്ട്. അത്തരം ആശുപത്രികളില്‍ ഈ പ്രശ്നം ഉണ്ടാവില്ല.

ഇന്ത്യയില്‍ കൃത്യദിവസം പ്രസവിക്കല്‍ നിര്‍ബന്ധം ആണ്. എന്റെ സുഹൃത്തിനെ 37 ആഴ്ച തികയുന്ന ദിവസം രാവിലെ തന്നെ ആശുപത്രിയില്‍ എത്താത്തതിനു ഡോക്ടര്‍ വഴക്ക് പറഞ്ഞു. വിദേശങ്ങളില്‍ 40 ആഴ്ച ആവുകയോ, വേദനയോ മറ്റു അസ്വസ്ഥതകളോ തോന്നാതെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ല.

ശിശുമരണനിരക്ക് കുറയ്ക്കുന്നതില്‍ ആശുപത്രികള്‍ക്ക് വലിയ പങ്ക് ഉണ്ട്. അണുബാധ തടയുന്നതിലൂടെ, അപ്രതീക്ഷിതമായി ഉണ്ടാവുന്ന സങ്കീര്‍ണ്ണതകള്‍ കൈകാര്യം ചെയ്യുന്നതിലൂടെ, ഗര്‍ഭകാലയളവില്‍ പോഷണം ഉറപ്പു വരുത്തുക എന്നിവയിലൂടെയാണ് ഇത് ചെയ്യുന്നത്. വൈറ്റമിന്‍ ഗുളികള്‍ക്കും ഇതില്‍ പങ്കുണ്ട്.  ഇതൊഴിച്ചു ആശുപത്രികളിലും സാധാരണ സ്വാഭാവികമായി തന്നെയാണ് പ്രസവം നടക്കുന്നത് അഥവാ നടക്കേണ്ടത്‌. എന്നാല്‍ ആശുപത്രികളില്‍, പ്രത്യേകിച്ച് സ്വകാര്യ ആശുപത്രികളില്‍ കണ്ടുവരുന്ന അനാരോഗ്യകരമായ ലാഭക്കൊതി കണ്ടില്ലെന്നു നടിക്കാന്‍ ആവില്ല.

പ്രസവിക്കാന്‍ ആശുപത്രികള്‍ തന്നെ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം, എന്നാല്‍ കഴിവതും സ്വകാര്യ ആശുപത്രികള്‍ ഒഴിവാക്കുക.  സ്വകാര്യ ആശുപത്രികള്‍ വേണമെങ്കില്‍, സിസേറിയന്‍ പരമാവധി കുറച്ചു സംഭവിക്കുന്ന ആശുപത്രികള്‍ തിരഞ്ഞെടുക്കുക (കോഴിക്കോട് ക്രാഡില്‍ അങ്ങനെയാണ് എന്ന് കേട്ടിട്ടുണ്ട് ). മുന്‍കൂട്ടി പ്രസവപാക്കേജുകള്‍ തരുന്ന ആശുപത്രികള്‍ പൊതുവേ മികച്ചതാണ് എന്നാണ് എന്റെ സുഹൃത്തുക്കളുടെ അനുഭവം(തീര്‍ച്ചയായും അവരുടെ ബില്‍ കൂടുതല്‍ ആയിരിക്കും, പക്ഷെ അവര്‍ അതിനു വേണ്ടി നമ്മളെ തെറ്റിദ്ധരിപ്പിക്കില്ല).

Additional Information:

  1. My wife delivered in PK Das Institute of Medical Sciences, from the same management which killed Jishnu.
  2. All deliveries(5 or 6) in private rooms during my one week of stay in hospital were Caesarian sections. All these cases were sent to Operation Theatre after the failure of Induced delivery.
  3. The failure rate of induced delivery is only 10%.
  4. All deliveries in the free ward of the same hospital during my stay were normal deliveries. They allow students of the college to attend those deliveries for study purposes as a part of medical education.

Link to Mathrubhumi Article

പ്രമുഖ നടന്റെ ഫേസ്‌ബുക്ക്

മലയാളത്തിലെ ഒരു പ്രമുഖ നടൻ അടുത്തിടെ ഫേസ്‌ബുക്കിൽ സജീവമായി. ലോകത്തു നടക്കുന്ന നല്ലതും  ചീത്തതും ആയ എന്തിനെ കുറിച്ചും ആധികാരികമായി അഭിപ്രായം പറയുക, അതിനു വരുന്ന പ്രതികരണങ്ങൾ ആസ്വദിക്കുക. വിവാദ വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ കൂടുതൽ ജനശ്രദ്ധ കിട്ടും എന്ന് മനസ്സിലാക്കിയ നടൻ പിന്നീട് വിവാദവിഷയങ്ങളിൽ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങി. 400 ലൈക്കിൽ നിന്നു 4000 ലൈക്കിൽ നിന്നും 45000 ലൈക്കിലേക്കും എത്തിയപ്പോൾ അദ്ദേഹം മനസ്സിലാക്കി ജനങ്ങൾക്ക് ഉള്ളിന്റെയുള്ളിൽ ഒരു സ്ഥായിയായ ഭരണവിരുദ്ധ വികാരം ഉണ്ട്. അതു പൂർണ്ണമായും മുതലെടുക്കുന്ന വിമർശനങ്ങൾ കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റും. വിമർശിക്കാൻ പുതിയതൊന്നും ഇല്ലെങ്കിലോ? നല്ല കാര്യങ്ങളുടെയും മോശം വശം ചികഞ്ഞെടുക്കുക,  അല്ലെങ്കിൽ എന്തെങ്കിലും മോശമാണ് എന്നു വരുത്തുക, വിമർശിക്കുക.

ആദ്യമേ തന്നെ പറയട്ടെ, ആൾ നല്ല കഴിവുള്ള, അഭിനയം കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റിയ നടൻ ആണ്. അല്ലാതെ തട്ടിക്കൂട്ടും ഗുസ്തിയും അല്ല. എന്നിട്ടു പോലും ഫേസ്‌ബുക്ക് ലൈക്കുകൾ അദ്ദേഹത്തെ മോഹിപ്പിക്കുന്നു എന്നത് ഒരു അത്ഭുതം അല്ലെ? നമ്മുടെ എല്ലാവരുടെയും ഉള്ളിൽ പതുങ്ങിക്കിടക്കുന്ന ആത്‍മരതിയെ (Narcissism) പരിപോഷിപ്പിക്കുന്നു എന്നതാണ് എല്ലാ സാമൂഹിക മാധ്യമങ്ങളുടെയും വിജയരഹസ്യം. ഏത്ര പ്രശസ്തനായ വ്യക്തിക്കും ഒരു പിടി കൂടെ പ്രശസ്തനാവാനുള്ള ആഗ്രഹം, അതു മുതലെടുക്കുന്ന മാധ്യമങ്ങൾ.

ഞാൻ വസ്തുതപരാമല്ലാത്ത വിമർശനങ്ങളെ കുറിച്ചു മാത്രമാണ് ഈ അഭിപ്രായം പറയുന്നത്. പക്ഷെ, അങ്ങനെ വരുമ്പോൾ വസ്തുതാപരമായ തെറ്റു കരുതിക്കൂട്ടി വരുത്തിയതല്ല എന്നു ഉറപ്പ് വേണമല്ലോ. തെറ്റ് ചൂണ്ടിക്കാട്ടി ഞാൻ പ്രസ്തുത നടന്റെ പോസ്റ്റിൽ ഒരു കമന്റ് ഇട്ടു. കരുതിക്കൂട്ടി വരുത്തിയ തെറ്റല്ലെങ്കിൽ തിരുത്താൻ നമ്മൾ അവസരം കൊടുക്കണമല്ലോ. ഒരു മറുപടിയുമില്ല! തിരക്കുള്ള ആളല്ലേ, നമ്മുടെ കമന്റ് കണ്ടുകാണില്ല. നമ്മുടെ കമന്റിന് താഴെ നടന്റെ പോസ്റ്റിനെ പുകഴ്ത്തി ഒരു കമന്റ് വന്നു, കാര്യമായി ഒന്നുമില്ല. അങ്ങ് പറഞ്ഞതാണ് ശരി, അങ്ങ് മഹാനാണ് ലൈൻ. ഉടനെ വന്നു നടന്റെ ലൈക്ക്. അപ്പോൾ കാര്യം മനസ്സിലായി, കാണാത്തതല്ല, കാണണ്ട എന്നു തീരുമാനിച്ചതാണ്. 

ഉള്ള കാര്യം പറഞ്ഞാൽ പ്രസ്തുത നടനെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. സമ്പദ്‌വ്യവസ്ഥയെ പറ്റി പോലും സാമ്പത്തിക വിദഗ്ദ്ധൻ പറയുന്നതിനെക്കാളും നമുക്ക് സ്വീകാര്യം വല്ല നടനോ, ക്രിക്കറ്റ് കളിക്കാരനോ പറയുന്നതാണ്. മഹാനടൻ ബ്ലോഗിൽ ഏഴുതുന്നത് സത്യവും വിഷയം പഠിച്ച അന്താരാഷ്ട്ര വിദഗ്ദ്ധൻ പറയുന്നത് തെറ്റും ആവുന്ന നാടാണിത്. ശ്രീജിത് മൂക്കൻ(വിശ്വ വിഖ്യാതമായ മൂക്ക്- ബഷീർ) വിഷയത്തെ പറ്റി എന്ത് പറഞ്ഞു എന്നതിന് വേണ്ടി കാതോർക്കുന്ന ഒരു ജനതയാണ് നമ്മൾ. 

ആദ്യമേ തന്നെ നമ്മൾ വിഷയത്തിൽ അവഗാഹം ഉള്ളവരുടെ അഭിപ്രായത്തിന് കൂടുതൽ വില കൊടുക്കാൻ പഠിക്കണം. ഒരു ക്രിക്കറ്റ് കളിക്കാരൻ, അയാൾ എത്ര നല്ല കളിക്കാരനാണെങ്കിലും ഒരു നല്ല രാഷ്ട്രീയക്കാരനോ, ഒരു അഭിനേതാവ് അയാൾ ഏത്ര നല്ല നാടൻ ആണെങ്കിലും ഒരു നല്ല സാമ്പത്തിക ശാസ്ത്രജ്ഞനോ ആവണം എന്നില്ല എന്നു നമ്മൾ മനസ്സിലാക്കണം. അവഗണിക്കേണ്ടത് അവഗണിക്കാനും സ്വീകരിക്കേണ്ടത് സ്വീകരിക്കാനും നമ്മൾ ശീ ലിക്കണം

വക്കീൽ സാബ്

വളരെ പണ്ട് ഒരു വക്കീൽ ഉണ്ടായിരുന്നു. വളരെ എന്നു പറഞ്ഞാൽ, അത്ര മുന്പൊന്നും അല്ല, ഒരു 20 -25 കൊല്ലം മുമ്പ്. ഞാൻ സ്‌കൂൾ വിദ്യാര്ഥിയായിരിക്കുമ്പോൾ. ഉണ്ടായിരുന്നു എന്നല്ല, അദ്ദേഹം ഇപ്പോഴും ഉണ്ട്. അദ്ദേഹം അന്ന് ഉണ്ടായിരുന്നു എന്നതിനേക്കാൾ അദ്ദേഹത്തിനോട് എനിക്ക് അന്ന് ഒരു പാട് ബഹുമാനം ഉണ്ടായിരുന്നു എന്നാണ് ഞാൻ പറയേണ്ടിയിരുന്നത്. ബഹുമാനം എന്നു പറഞ്ഞാൽ വെറും ബഹുമാനം മാത്രമല്ല, ഒരു തരം വീരാരാധന. 

എന്റെ ഉറ്റ സുഹൃത്തിന്റെ അമ്മാവനാണ് കക്ഷി. അമ്മാവന്റെ വീരകഥകൾ കേൾക്കാതെ 30 ദിവസം തുടർച്ചയായി കടന്നു പോവുക അസംഭവ്യം ആണ്. തന്റെ വീട്ടിലേക്കുള്ള വഴി അടച്ചുകെട്ടിയ അയൽവാസിയുടെ വേലി രാത്രി പൊളിച്ചു മാറ്റുകയും, അതി രാവിലെ തന്നെ കോടതിയിൽ പോയി അതിർത്തിതർക്കം പറഞ്ഞു സ്റ്റേ വാങ്ങുകയും ചെയ്ത വക്കീൽ. കേസ് കഴിയുന്ന വരെ വേലി പൊളിഞ്ഞു തന്നെ കിടക്കും. പാവം അയൽവാസി. അയൽവാസിയുടെ പ്ലാവ് വെട്ടി കിണറ്റിൽ ഇട്ടിട്ട് അയാൾ അറിയുന്നതിനു മുൻപേ സ്റ്റേ വാങ്ങിയ വക്കീൽ… അങ്ങനെ അങ്ങനെ ഒരു പാട്…

നമ്മുടെ ഡാഡിയും വക്കീലാണെ. ഒരു സാഹസിക കൃത്യവും ചെയ്യാത്ത ബോറൻ വക്കീൽ. ചിലപ്പോൾ ഒക്കെ നമ്മുടെ വീട്ടിൽ ഉള്ള വക്കീൽ ഇത്തരം വീരകൃത്യങ്ങൾ ഒന്നും ചെയ്യാത്തതിൽ അത്ഭുതവും, കുറച്ചു അരിശവും തോന്നിയിരുന്നു.

ഇപ്പോൾ ഈ വക്കീലിനെ പറ്റി ഏഴുതാൻ എന്താണ് കാരണം എന്ന് പറയാം. ഇന്ന് അദ്ദേഹം കറ കളഞ്ഞ ഒരു ആർ എസ് എസ് അനുഭാവി ആണ്. സാമൂഹിക മാധ്യമങ്ങളിലെ അദ്ദേഹത്തിന്റെ പോസ്റ്റുകൾ ആണ് ഈ കുറിപ്പിന് കാരണം ആയത്.

കള്ളനോട്ട് കേസിൽ ഒരു യുവമോർച്ച പ്രവർത്തകൻ അറസ്റ്റിലായ വാർത്തക്ക് അദ്ദേഹത്തിന്റെ മറുപടി പണ്ടെങ്ങോ ഒരു സിപിഎം പ്രവർത്തകൻ സമാന സംഭവത്തിൽ അറസ്റ്റിലായതിന്റെ പത്രവാർത്ത, മറ്റാരിൽ നിന്നോ ഷെയർ ചെയ്തതാണ്.

മറ്റൊരു തമാശ, ഇല്ലാത്ത ബീഫ് നിരോധനത്തിനെതിരെ പ്രതിഷേധിക്കുന്ന കമ്മ്യുണിസ്റ്റുകൾക്കുള്ള ട്രോൾ ആണ്. നിയമം അറിയാവുന്ന വക്കീലിനോട്, ഞാൻ എന്തിന് ഇന്ത്യൻ ഭരണഘടനയിലെ ഏഴാം അനുഛേദത്തെ കുറിച്ചും അധികാരവിഭജനത്തെ കുറിച്ചും എന്തു പറയാൻ. അദ്ദേഹത്തിന്റെ മറ്റൊരു ന്യായം ക്യൂബയിൽ കന്നുകാലി വധം നിരോധിച്ചിട്ടുണ്ട് എന്നതാണ്. ജനാധിപത്യ രാഷ്ട്രത്തിന് ഉത്തമ മാതൃക. അതിനു അവിടെ  തക്കതായ കാരണം എന്തെങ്കിലും ഉണ്ടോ ഇല്ലയോ എന്നതും അദ്ദേഹത്തിന് വിഷയം അല്ല.

എന്നാൽ ഈ കുറിപ്പിന് കാരണമായത് ഇതൊന്നുമല്ല. ഈയടുത്ത് കൊച്ചി മെട്രോ ഉൽഘാടന യാത്രയിലെ കുമ്മനത്തിന്റെ സാനിധ്യം ആണ്. ഇന്ത്യൻ പ്രധാനമന്ത്രിയെ അദ്ദേഹം ബി ജെ പിയുടെ പ്രധാനമന്ത്രി എന്നും, കേരള ഗവർണറെ ബിജെപിയുടെ ഗവർണർ എന്നും, കുമ്മനത്തിനെ ബിജെപി സംസ്ഥാന പ്രസിഡന്റ് എന്നും അടയാളപ്പെടുത്തി. ഇതിനിടയിൽ കേരള മുഖ്യമന്ത്രിയെ ആർക്കും വേണ്ടാത്ത മുഖ്യമന്ത്രി എന്നും അടയാളപ്പെടുത്തി. 

ചോദ്യം ഒന്ന്: തിരഞ്ഞെടുക്കപ്പെട്ട അധിക്കാരസ്ഥാനങ്ങളിൽ ഇരിക്കുന്ന ആളുകൾ അവരുടെ പാർട്ടിയെ മാത്രം ആണോ പ്രതിനിധീകരിക്കുന്നത്? ഭരണഘടനാ പദവികൾക്ക് രാഷ്ട്രീയം ഉണ്ടോ? സത്യത്തിൽ ആ യാത്രയിൽ ഉണ്ടായിരുന്നത് ഇന്ത്യൻ പ്രധാനമന്ത്രിയും, കേരള ഗവർണറും കേരള മുഖ്യമന്ത്രിയും അല്ലെ? കൂടെ ആർക്കും വേണ്ടാത്ത കുമ്മനവും…

ഉളുപ്പില്ലാതെ വലിഞ്ഞു കയറിയതല്ലേ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ഉത്തരം ഒരു മറുചോദ്യം ആയിരുന്നു. സി പി എം പോലീസ് എവിടെയായിരുന്നു എന്ന്.

ഇവിടെ ആണ് അടുത്ത ചോദ്യം: ബ്യുറോക്രസിക്ക് രാഷ്ട്രീയം ഉണ്ടോ? പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ സുരക്ഷാചുമതല എസ് പി ജിക്ക് ആണ് എന്ന് ഒരു വക്കീലിന് അറിയാതെ വരുമോ?

സത്യത്തിൽ ഈ വ്യക്തി ഒരു ഉദാഹരണം ആണ്. തീവ്രവാദത്തിലേക്ക് ആകൃഷ്ടരാവുന്ന യുവാക്കൾ അഭ്യസ്ത വിദ്യരാണല്ലോ എന്ന ചോദ്യത്തിന് ഉത്തരവും ആണ്. ഇസ്‌ലാമിക് സ്റ്റേറ്റ് ആകർഷിക്കുന്ന ആളുകളും, ആർ എസ് എസ് പോലെയുള്ള തീവ്രസ്വഭാവമുള്ള വലതുപക്ഷ സംഘടനകൾ ആകർഷിക്കുന്ന ആളുകളും ബുദ്ധിമാന്മാർ തന്നെയാണ്. എന്നാൽ മസ്തിഷ്കപ്രഷാളനത്തിന്റെ ഏതോ ഘട്ടത്തിൽ അവർ ഉദാത്തം എന്നു വിശ്വസിക്കുന്ന ഒന്നിന് വേണ്ടി തലച്ചോർ പണയം വെക്കുന്നു. പിന്നെ അവരുടെ വിദ്യാഭ്യാസവും ചിന്താശേഷിയും നിയന്ത്രിക്കുന്നത് അവരുടെ പ്രത്യയശാസ്ത്രം മാത്രമാണ്.

ഇത് ഒറ്റപ്പെട്ട ഒരു ഉദാഹരണം അല്ല. നാളെ ഞാനോ, നിങ്ങളോ ഈ അവസ്ഥയിൽ എത്താം. അതു കൊണ്ടു ആര് എന്തു  പുതിയ കാര്യം പറഞ്ഞാലും, രണ്ടു പ്രാവശ്യം ആലോചിച്ചതിനു ശേഷം മാത്രം അത് സ്വീകരിക്കുക. വീണ്ടും വീണ്ടും അതിന്റെ സാധ്യതകൾ ആരായുക. നൂറു ശതമാനം ഉറപ്പുള്ള കാര്യങ്ങൾ മാത്രം മറ്റൊരാളോടൊ, പൊതു സമൂഹത്തിലോ പറയുക.

അനോക്സിയ

ഉഷ്ണമാപിനിയുടെ ഏറ്റ കുറച്ചിലുകൾക്കിടയിൽ തളർന്നു കിടന്നപ്പോളാണ് എന്നിലെ പ്രണയം മരിച്ചതും പ്രണയ കവിത ജനിച്ചതും.

ആകാശത്തു നിന്ന് ആരോ മൂക്കുചീറ്റിയത് പോലെ കാലം തെറ്റിപെയ്ത ഒരു മഴ

എന്നെ നനയിച്ചു കടന്നു പോയി.

ശീതീകരണിയുടെ ഹുങ്കാരത്തിനും

രാത്രിയുടെ നിശ്ശബ്ദതക്കുമിടയിൽ

ഞാൻ വേവാതെ കിടന്നു.

ഒരു നിശ്വാസത്തിന്റെ അകലം

പലപ്പോളും വളരെ ആഴമുള്ളതായ പോലെ

ഒരു നീലവെളിച്ചം ഖനീഭവിച്ചു

എന്റെ ശ്വാസനാളികളെ അടച്ചു പിടിച്ചു.

ഇനി അവരോഹണം…

അരവിന്ദന്റെ പാചകം

നമ്മുടെ പഴയ കഥാപാത്രം അരവിന്ദനെ ഓര്‍മ്മയില്ലേ? റഷീദ് ഭായിടെ അടുക്കള കണ്ടപ്പോള്‍ ഓനൊരു പൂതി. നാളെ മൊതല്‍ നമ്മക്കും പള്ള നെറച്ചും ചോറും സാമ്പാറും കഴിക്കണം. ഈ ഗോസായിമാരുടെ ഓണക്കച്ചപ്പാതീം ദാലും ഇനി വേണ്ട.
അങ്ങനെ അരവിന്ദന്‍ പാചകം തുടങ്ങാന്‍ തീരുമാനിച്ചു. പ്രോത്സാഹിപ്പിക്കാന്‍ റഷീദ് ഭായിയും. റഷീദ് ഭയിയാണെങ്കില്‍ എല്ലാ വിധത്തിലും തരത്തിലും ഉള്ള പാത്രങ്ങള്‍ വാങ്ങിയ ശേഷം മാത്രം പാചകം ചെയ്യാവൂ എന്നാ അഭിപ്രായക്കാരന്‍. എന്നാലും അരവിന്ദന് വേണ്ടി വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് ചുരുക്കി. അരവിന്ദന്‍ ആണെങ്കിലോ ജീവിതത്തില്‍ അടുക്കളയും പച്ചക്കറിചന്തയും കണ്ടിട്ടേയില്ല. ഷോപ്പിംഗ്‌ തുടങ്ങി.
ആദ്യം തന്നെ 500 രൂപ മുടക്കി ഒരു 5 കിലോന്റെ ഗ്യാസ് അടുപ്പ് വാങ്ങി. അത് വീട്ടില്‍ ഒരു മൂലയ്ക്ക് വൃത്തിയായ് വച്ച ശേഷം വീര്‍ ബസാര്‍ എന്നാ ലോക്കല്‍ ചന്തയിലേക്ക്.
അരവിന്ദന്‍ ഒരു പ്ലേറ്റും ഗ്ലാസും വാങ്ങുമ്പോള്‍ റഷീദ് ഭായി ‘ഒന്ന് പോര, മൂന്നെണ്ണം വാങ്ങിക്കോളി. ഞമ്മളൊക്കെ വെരുമ്പോ തിന്നാന്‍ തരണ്ടേ…’
അങ്ങനെ പാത്രം വാങ്ങി വാങ്ങി 1000 രൂപയോളം ചിലവായി. അരവിന്ദന്‍ ഈ പണിക്കു ഇറങ്ങെണ്ടിയിരുന്നില്ല എന്ന് ചിന്തിക്കാന്‍ തുടങ്ങി. ഏതായാലും ആയിരം രൂപ പോയി, ഇനി അഞ്ഞൂറും കൂടി ഉണ്ടെങ്കില്‍ കാര്യം നടക്കും, ഇവിടെ വെച്ച് നിര്‍ത്തിയാല്‍ പോയ ആയിരം മാത്രം മിച്ചം. ഒരു വിധത്തില്‍ അങ്ങേരെ പറഞ്ഞു മനസ്സിലാക്കി, ബാക്കി സാധനങ്ങള്‍ വാങ്ങി വീട്ടിലെത്തി.
അപ്പൊ റഷീദ് ഭായിക്ക് ഒരു ആഗ്രഹം. അടുക്കള ഉദ്ഘാടനം പ്രമാണിച്ച് അരവിന്ദന്റെ കയ്യില്‍ നിന്നും ചോറും സാമ്പാറും കഴിക്കണം. എങ്ങനെയാ ഉണ്ടാക്കുന്നത് എന്ന് നിങ്ങള്‍ പറഞ്ഞു തന്നാല്‍ ഞാന്‍ ഉണ്ടാക്കാം എന്ന് അരവിന്ദനും.
സാമ്പാറിന് വേണ്ട സാധനങ്ങള്‍ കുക്കറിലായി കുറച്ചു കഴിഞ്ഞപ്പോള്‍ ആദ്യ വിസില്‍. അരവിന്ദന്‍ ഈ വിസില്‍ കാണുന്നതെ ആദ്യം.
അരവിന്ദന്റെ പേടിച്ച മുഖം കണ്ടു റഷീദ് ഭായിക്ക് തമാശ. ‘അരവിന്ദോ പ്രഷര്‍ കൂടുതല്‍ ആണ്, ആ ബാതില്‍ അങ്ങട്ട് തൊറന്നാളീ, കാറ്റ് ഒയിഞ്ഞോട്ടെ’ എന്ന് റഷീദ് ഭായി.
അരവിന്ദന്‍ ഓടി പ്പോയി വാതിലും ജനലും ഒക്കെ തുറന്നിട്ടു എന്നിട്ടൊരു ചോദ്യം ‘ഇനി കുക്കര്‍ പൊട്ടിത്തെറിക്കുകയോന്നും ഇല്ലല്ലോ അല്ലെ?’.
അങ്ങനെയാണ് പ്രഷര്‍ കുക്കറിന്റെ പോയിട്ട് ചട്ടുകത്തിന്റെ പിടിപോലും കാണാത്ത അരവിന്ദന്‍ പാചകം തുടങ്ങിയത്.