സച്ചിയേട്ടന്റെ ടിവി

സച്ചിയേട്ടന്‍ (സച്ചിദാനന്ദന്‍ ) ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ ആണ്. കുടുംബസമേതം ഞങ്ങളുടെ അയല്‍വാസി. ഭാര്യയും, സ്കൂളില്‍ പഠിക്കുന്ന രണ്ടു മക്കളും ആയി സ്വന്തമായി വീട് വാങ്ങി താമസിക്കുന്നു.
എന്ത് കാര്യത്തിലും സച്ചിയേട്ടന്‍  വളരെ ശക്തമായ അഭിപ്രായങ്ങള്‍ ഉണ്ടാവും. വാദിക്കാന്‍ പോയാല്‍ ഞാന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പ് എന്ന രീതിയില്‍ നമ്മളെ നിഷ്പ്രഭമാക്കുന്ന വാഗ്ധോരണി. കഴിയുന്നതും ഞങ്ങള്‍  രാഷ്ട്രീയം, സാമൂഹികം, സമകാലീനം ആയ സംഭവങ്ങള്‍ സച്ചിയേട്ടനുമായി ചര്‍ച്ച ചെയ്യാതിരിക്കാന്‍ ശ്രദ്ധിച്ചു പോന്നു.
മുംബയില്‍  തീവ്രവാദി ആക്രമണം നടന്ന സമയം. രാവിലെ പത്തരയോടെ ക്ളാസ്‌ കഴിഞ്ഞു വന്ന എന്നോട് റഷീദു ഭായി ആണ് പറഞ്ഞത് മുംബൈ ആക്രമണ വിവരം. കമാന്റോകളെ, അവര്‍ ഹെലികോപ്ടറില്‍ തൂങ്ങി ഇറങ്ങുന്നത്, ഒക്കെ ടിവിയില്‍ ലൈവ് ആയി കാണിക്കുന്നുണ്ട് എന്നും കേട്ടു.  പേപ്പറിലെ വാര്‍ത്ത വായിച്ചെങ്കിലും പോര!!!
ടിവി കാണണം, ടിവി കാണണം, എന്ന ചിന്ത കലശലായി. വിദ്യാര്‍ഥികള്‍ ആയ ഞങ്ങള്‍ക്ക് എവിടുന്നാ ടിവി. ഞാന്‍ ഒരു ഐഡിയ ഇട്ടു. സച്ചിയെട്ടന്റെ വീട്!!!

‘അല്ല മൂപര്‍ക്ക് ഇഷ്ടാവോ?’ എന്ന് ആശങ്ക റഷീദു ഭായി വക. ഇയ്യതൊന്നും നോക്കണ്ടാ എന്ന് ഞാനും. അങ്ങനെ ഞങ്ങള്‍ സച്ചിയേട്ടന്റെ വീട്ടിലേക്ക്.

അവിടെ എത്തിയപ്പോള്‍ എന്തോ പന്തികേട്‌. എന്തോ പോയ എന്തോ പോലെയിരിക്കുന്ന സച്ചിയേട്ടന്‍, എങ്കിലും ഞങ്ങളെ കണ്ടപ്പോ പതിവ് പോലെ സ്വീകരിച്ചു. ഞാന്‍ കാര്യം അവതരിപ്പിച്ചു.

സച്ചിയേട്ടന്റെ മുഖം മാറി. ടിവി കേടായി മക്കളെ, ഇന്ന് രാവിലെ. ഓഹോ അപ്പൊ അതാണ്‌ കുരങ്ങന്‍ ചത്ത കാക്കാലന്‍ സ്റ്റൈല്‍ ഇരിപ്പ്. എന്താണാവോ സംഭവിച്ചത്!!!

സച്ചിയേട്ടന്റെ വിവരണം. പിള്ളര്‍ സ്കൂളില്‍ നിന്നും ഉച്ചക്ക് എത്തും. ഞങ്ങള്‍ രണ്ടാളും ജോലി കഴിഞ്ഞു വരുമ്പോ വൈകുന്നേരമാകും. പിള്ളേര്‍ മുഴുവന്‍ സമയം ടിവി കണ്ടിരുന്നു സമയം കളയേണ്ട എന്ന് കരുതി ഞാന്‍ ടിവി അഴിച്ചു പിച്ചര്‍ ടുബിന്റെ പ്ളഗ് ഊരി ഇടും. മുംബയില്‍ ആക്രമണം പേപ്പറില്‍ കണ്ടു ആവേശത്തില്‍  ഞാന്‍  അത് കുത്തിയതാ പിച്ചര്‍ ടൂബിന്റെ ഒരു കഷ്ണം പോട്ടിപ്പോന്നു.

ഏയ്‌ പിച്ചര്‍ ട്യൂബ് കേടായിട്ടൊന്നും ഉണ്ടാവില്ല, ഞാന്‍ പോളി ടെക്നിക്കിലോക്കെ പഠിച്ചതാ, പിച്ചര്‍ ട്യൂബ് കേടായാല്‍, നിറം മാറും എന്ന്  കൂട്ടിച്ചേര്‍ക്കല്‍ . പൊട്ടിയ എയര്‍ സീലിംഗ് കാണിച്ചു തന്നപ്പോളെ എനിക്ക് മനസ്സിലായി, ടിവി പോയി. പക്ഷെ വെറും ഒരു വൈദ്യ ബിരുദം മാത്രമുള്ള ഞാന്‍ ഈ പോളിടെക്നിക്കുകാരോടെ മത്സരിച്ചിട്ട് കാര്യമില്ല. മൌനം ഭൂഷണം…

വാല്‍ക്കഷ്ണം: ടിവി കേടായി എന്ന് ഉറപ്പായ ദിവസം സച്ചിയേട്ടന്റെ ഭാര്യ വളരെ സന്തോഷവതിയായിരുന്നു.  ചോദിച്ചപ്പോള്‍ പറഞ്ഞു അങ്ങനെയെങ്കിലും ആ പഴയ ടിവി മാറ്റി ഒരു പ്ലാസ്മ ടിവി വാങ്ങിക്കാമല്ലോ…

പോളിടെക്നിക്ക് ഐഡിയക്ക്  കടപ്പാട് :   തലയണമന്ത്രം സിനിമ.

Poems and articles by Dr Haroon Ashraf ©

ഇര്‍ഷാദിന്റെ ഇഫ്താര്‍

ഇര്‍ഷാദും എന്റെ അയല്‍വാസിയായിരുന്നു. വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നിലെ ഒരു പ്രമുഖ നേതാവിന്റെ ബന്ധു. ഞങ്ങള്‍ കുറച്ചു ഇടതുപക്ഷക്കാരുടെ ഇടയ്ക്കു താമസിച്ചുപോയി എന്നതൊഴിച്ച് മറ്റൊരു തെറ്റും ചെയ്തിട്ടില്ല. വിദ്യാഭ്യാസം കൊണ്ട് എന്‍ജിനീയര്‍. നല്ല മൂര്‍ച്ചയുള്ള ബുദ്ധി.
എന്താണ് കിട്ടിയതെന്കിലും, അത് കഴിച്ചു അടങ്ങി ഒതുങ്ങി ഇരിക്കുന്ന ഒരാളാണ് ഇര്‍ഷാദ്. ഭക്ഷണ കാര്യങ്ങളില്‍ യാതൊരു നിര്‍ബന്ധവുമില്ല. 
ഒരു നോമ്പ് കാലത്ത് റഷീദ് ഭായി നമ്മുടെ ഇര്‍ഷാദിനെ നോമ്പ് തുറക്കാന്‍ ക്ഷണിച്ചു. നല്ല കോഴിയിറച്ചിയും ചോറും കൊടുത്തു സല്‍ക്കരിച്ചു. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ ഇര്‍ഷാദിനു ഒരു സങ്കടം. റഷീദ് ഭായി നമ്മളെ വിളിച്ചു നോമ്പ് തുറപ്പിച്ചു, നമ്മള്‍ തിരിച്ചും എന്തേലും…

അപ്പൊ തോന്നിയ ആവേശത്തില്‍ ഇര്‍ഷാദ് പറഞ്ഞു. “ഭായി, നാളെ നോമ്പ് തുറ ഞമ്മടെ ബക, പിന്നെ സംഭാവായിറ്റൊന്നും ഉണ്ടാവൂല. ഞമ്മള്‍ തിന്നുന്നതൊക്കെ വെച്ച് ചെറുതായിട്ട്”. അങ്ങനെയെങ്കില്‍ അങ്ങനെ എന്ന് റഷീദ് ഭായും.

അങ്ങനെ പിറ്റേന്ന് നോമ്പ് തുറക്കാനായപ്പോള്‍ റഷീദ് ഭായി ഇര്‍ഷാദിന്റെ മുറിയിലെത്തി. ചെറിയ ഒരു മുറിയാണ്. റഷീദ് ഭായി തിരിഞ്ഞും മറിഞ്ഞും നോക്കിയിട്ടും മെഴുകുതിരി പോലെയുള്ള, ചെറിയ 5 കിലോ ഗ്യാസടുപ്പില്‍ കാര്യമായി ഒന്നും വെച്ചുണ്ടാക്കിയ ലക്ഷണമില്ല. ഭക്ഷണം ഓര്‍ഡര്‍ ആയിരിക്കും. 
ആയ ചെറിയ മുറിയില്‍ അങ്ങനെ കാര്യമായ ഭക്ഷണം ഒന്നും ഉള്ളതായും തോന്നുന്നില്ല. ഇര്‍ഷാദ് ഒന്നും കാണാതെ വിളിക്കില്ലല്ലോ, എന്തെങ്കിലും ഉണ്ടാവും. 
നോമ്പ് തുറ സമയമായി, ഇര്‍ഷാദ് ഒരു ഗ്ലാസ് വെള്ളം എടുത്തു കൊടുത്തിട്ട് പറഞ്ഞു, “ഭക്ഷണം നിസ്കരിചിട്ടാക്കാം അല്ലെ?”
റഷീദ് ഭായി തലകുലുക്കി മനസ്സില്‍ പറഞ്ഞു, “ഹാവൂ അപ്പൊ പഹയന്‍ കാര്യമായിട്ട് എന്തോ ഭക്ഷണം കരുതീട്ടുണ്ട്…

അവേശത്തോടെയുള്ള നിസ്കാരം(മുസ്ലിം പ്രാര്‍ത്ഥന). അത് കഴിഞ്ഞു ഇര്‍ഷാദ് ചോദിച്ചു. എന്നാ നോക്ക്വല്ലേ?

ആട്ടെ എന്ന് റഷീദ് ഭായി. ഗ്യാസിന്റെ പുറത്തു നിന്നും രണ്ടു ഗ്ലാസ്‌ നല്ല പലോഴിച്ച ചായ ഇര്‍ഷാദ് മേശപ്പുറത്തു വച്ച്. എന്നിട്ട് ബാഗില്‍ നിന്നും 4  പാക്കറ്റ് ബിസ്കറ്റും എടുത്തു പുറത്തു വെച്ച്. ഭായിക്ക് ഞമ്മള അത്ര ഭക്ഷണം പോര എന്ന് ഞമ്മക്കറിയാം അതോണ്ട് രണ്ടു പാക്കറ്റ് മേങ്ങീക്കുന്നു…

“ഇന്റ പഹയ ഇജ്ജൊരു പാക്കറ്റ് ബിസ്ക്കറ്റൊണ്ടാ നോമ്പ് തൊറക്കണേ? ഇജ്ജു എന്നും അബടെ ബന്നു തിന്നു പൊയ്ക്കോ മേണങ്കി”  എന്ന് റഷീദ് ഭായി പറഞ്ഞു പോയി. മൂപര്‍ക്ക് അറിയില്ലല്ലോ ഇര്‍ഷാദിന്റെ വീക്നെസ് ബിസ്കറ്റ് ആണെന്ന്!!!

Poems and articles by Dr Haroon Ashraf ©

കോയിക്കറീമ് റഷീദ് ഭായിയും…

കൊണ്ടോട്ടിക്കാരന്‍ റഷീദ് ഭായിന്റെ പ്രധാന വിനോദം ഭക്ഷണം ആണ്… നെയ്ച്ചോറും കോയിം ഉണ്ടോ, മൂപ്പര്‍ എന്തിനും റെഡി. ബിരിയാണി ചെമ്പില്‍ കയില്‍ തട്ടിയാല്‍ മൂപര്‍ ഒച്ച കേട്ട് എത്തും.
റഷീദ് ഭായീന്റെ മുറീല്‍ ഒരു ബാല്യ ചാര്‍ത്തുണ്ട്… ഓരോ ദെവസോം എന്താ കഴിക്കേണ്ടത്‌ എന്ന് അതില്‍ നോക്കിയാല്‍ അറിയാം. വിശദമായ മെനു. ഇത് തയ്യാറാക്കാന്‍ തന്നെ മാസങ്ങള്‍ എടുത്തു എന്നാണ് കേട്ടിട്ടുള്ളത്. പ്ലാനിംഗ് കമ്മിഷന്‍ ഇത് തയ്യാറാക്കിയ രീതിയെ പറ്റി പഠനം നടത്തിയിട്ടാണ് പഞ്ചവത്സര പദ്ധതി കുറ്റമറ്റതാക്കിയത്…
ഞായറാഴ്ച അവധിയാണല്ലോ… അന്ന് കോഴിക്കറീം ചോറും. തിങ്കളാഴ്ച രാവിലെ ബ്രെഡും തലേന്നത്തെ കോഴിക്കറി ബാക്കിയുള്ളതും. എന്തൊരു പ്ലാനിംഗ്!!!
ഒരു മാസാവസാനം, പൈസ തീര്‍ന്നു തുടങ്ങിയ ഒരു തിങ്കള്‍, രാവിലെ റഷീദ് ഭായിയെ വിളിച്ചു… 
ആദ്യം കുശലം ചോദിക്കാം, പിന്നെ പൈസയും… കൂട്ടത്തില്‍ ചോദിച്ചു’ “അല്ല ഇന്ന് തിങ്കള്‍ അല്ലെ, ഇന്നലത്തെ കോഴിയും ബ്രെഡും കഴിക്കുകയായിരിക്കും അല്ലെ?”
“അല്ല ചങ്ങായീ മാസം കയിഞ്ഞ്‌, കയ്യിലെ പൈസേം കയിഞ്ഞ്‌, കോയിയാണ് എന്ന് മനസില്‍ നിയ്യത്തും വെച്ച് ഉപ്മാവ്‌ തിന്നാ…”
ഞാന്‍ കുശലമന്വേഷിച്ചു ഫോണ്‍ താഴെ വെച്ചു, പൈസ കടം ചോദിച്ചില്ല!!!
Poems and articles by Dr Haroon Ashraf ©

ഉറക്കവും റെജുവും…

സഖാവ് റെജുവിനെ പറ്റി പറയാതെ എന്ത് ദില്ലി ഡയറി?

റിജുവും ഒരു സിവില്‍ സര്‍വ്വീസ് മോഹിയാണ്. ഉറക്കമാണ് പ്രധാന വിനോദം.
അത്യാവശ്യം രാഷ്ട്രീയവും, ഒരല്‍പം സാമൂഹ്യ സേവനവും, തൊട്ടുകൂട്ടാന്‍ കുറച്ചു അടിപിടിയും ആയി നാട്ടില്‍ പേര് കേള്‍പ്പിക്കും എന്നായപ്പോള്‍ ‘മകനെ നീ സിവില്‍ സര്‍വീസിനു പഠി’ എന്ന് പറഞ്ഞു അറിയപ്പെടുന്ന രാഷ്ട്രീയക്കാരന്‍ കൂടിയായ അച്ഛന്‍ റെജുവിനെ ദില്ലിയിലേക്ക് നാട് കടത്തി.

പോത്ത് പോലെ വളര്‍ന്നെങ്കിലും പ്രായം കൊണ്ട് വളരെ ചെറുപ്പമാണ് എന്നതായിരുന്നു റെജുവിന്റെ പ്രധാന പ്രശ്നം. എനിക്കിനിയും ഒരു പാട് കാലം പഠിക്കാന്‍ ചാന്‍സുണ്ട്, ഞാന്‍ സാവധാനമേ പഠിക്കു എന്ന മട്ട്.

എന്നും അതിരാവിലെ ക്ലാസ്സിലെത്തും… അതിനൊരു മുടക്കവുമില്ല…
ചുണ്ടിനടിയില്‍ ഒരു നുള്ള് ഹാന്‍സ് തിരുകും. ഏറ്റവും പിറകിലെ ബെഞ്ചില്‍ പോയി ഉറക്കം തുടങ്ങും. ഇതാണ് സ്ഥിരം പരിപാടി.

ഒരിക്കല്‍ പാണ്ട സാറുടെ ക്ലാസ്. സഖാവ് പതിവ് പോലെ ആദ്യം തന്നെ എത്തി. ഉറക്കം ആരംഭിച്ചു.
ക്ലാസിനിടയില്‍ ഒരിക്കല്‍ പോലും ഉയരാത്ത ഒരു തല കണ്ടു സാറ് വിളിച്ചു ചോദിച്ചു. “Hey Kerala Man! What are you doing there?”
ഉടന്‍ വന്നു മറുപടി “I am brainstorming, Dont disturb me.”

ഒരു പാട് റിജു കഥകള്‍ കേട്ട് മടുത്ത റഷീദ് ഭായി ഒരിക്കല്‍ ചോദിച്ചു. “അല്ല ഇങ്ങളവുട പാടിപ്പാ ഒറക്കാ? ഈ പഹയനെപ്പോഴും ഒറക്കത്തിന്റെ കിസ്സയെ പറേന്നെ…”

Poems and articles by Dr Haroon Ashraf ©

സതീശന്റെ പ്രണയകഥകള്‍..

ഇന്ന് നമുക്ക് ദില്ലിയിലെ മറ്റൊരു മലയാളി കഥാപാത്രത്തെ പരിചയപ്പെടാം…

നല്ല പൊക്കം.. (ഇത്തവണ പേര് മാറ്റിയത് സെന്റി പേടിച്ചല്ല, അടി പേടിച്ചാണ്… )
പുള്ളി ശാസ്ത്ര വിഷയത്തില്‍ +2 അദ്ധ്യാപഹയന്‍…, എന്നെപ്പോലെ സിവില്‍ സര്‍വ്വീസ് മോഹം മൂത്തപ്പോ ജോലി കളഞ്ഞു ദില്ലിക്ക് കയറിയതാ!
നല്ല വെളുത്തു സുന്ദരന്‍, അത്യാവശ്യം സംസാരിക്കാനുള്ള കഴിവ്, ആരോടും ഇടിച്ചു കേറി കമ്പനി ആവും, വളരെ ‘caring’ ആയ സ്വഭാവം…
പെണ്‍കുട്ടികള്‍ പുറകെ കൂടാന്‍ ഇത്രയും പോരെ???

അത്യാവശ്യം കാണാന്‍ കൊള്ളാവുന്ന പെണ്‍്പിള്ളേര്‍ ഇദ്ദേഹത്തിന്റെ ഒരു വീക്നെസ് ആണെന്ന് അസൂയാലുക്കള്‍ പറയുന്നുണ്ട്…
എന്തൊക്കെയായാലും നല്ല മുടിയുള്ള പെണ്‍കുട്ടികളെ കണ്ടാല്‍ ഇദ്ദേഹം ഒരു 5 മിനിട്ട് നോക്കി നില്‍ക്കും.
പക്ഷെ കാര്യം വരുമ്പോ ഇദ്ദേഹം ശുദ്ധനാണ്‍്ട്ടൊ… ഒരല്‍പം പഞ്ചാര, കമ്പനി, ഇതിലപ്പുറം ഒന്നിനും ഇദ്ദേഹത്തെ കിട്ടില്ല… ഇതിനപ്പുറത്തെക്കു കടക്കുന്നു എന്ന് തോന്നിയാല്‍ നൈസായി മുങ്ങും..

ഒരിക്കല്‍ ഒരു മറാത്തിക്കുട്ടി ഇദ്ദേഹത്തിന്റെ പിറകെ കൂടിയതാ…
ഒരു 4 മണിക്കൂറ് ക്ലാസ്സ്‌ യദാര്‍ത്ഥ ജീവിതത്തെക്കുറിച്ചു ക്ലാസ്സ്‌ എടുതുകൊടുത്തിട്ട ഇദ്ദേഹം തല ഊരിയത്…(ആ കഥ പിന്നൊരിക്കല്…)
നമ്മുടെ സതീശന്‍ ഒരിക്കല്‍ എന്റെകൂടെ മെട്രോയില്‍ യാത്ര ചെയ്യുകയായിരുന്നു. എവിടുന്നോ ഒരു പെണ്‍കുട്ടി മെട്രോയില്‍ കയറി. നല്ല മുടിയൊക്കെ ഉണ്ട്. മുടി പണ്ടേ സതീശന്റെ വീക്നെസ് ആണല്ലോ…
പെണ്കുട്ടിയാണേല്‍ നല്ല ജീന്‍സ് ടോപ്‌ ഒക്കെ ഇട്ടു നല്ല മോഡേണ്‍ കൊച്ച്…
സതീശന്‍ മുടിയെപ്പറ്റി വാചാലനാവാന്‍ തുടങ്ങി. പാവം ഞാന്‍ സഹിക്കാന്‍ നിര്‍ബന്ധിതനും. ഉറങ്ങിക്കിടന്ന എന്നെ ഷോപ്പിംഗ്‌ കമ്പനി എന്ന് പറഞ്ഞു കൂട്ടിക്കൊണ്ടുവന്ന നീ ഇതൊക്കെ സഹിച്ചേ തീരു എന്ന മട്ട്…
അങ്ങനെ കുറച്ചു നേരം ആയി, പെണ്‍കുട്ടി ഇടയ്ക്കിടയ്ക്ക് ഇതാരാണപ്പാ അറിയാത്ത ഭാഷയില്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ടൈരിക്കുന്നതു എന്ന ഭാവത്തില്‍ തിരിഞ്ഞു നോക്കുന്നുമുണ്ട്.

രാജീവ്‌ ചൌക്ക് സ്റ്റേഷന്‍ എത്തി. ഇറങ്ങാനായപ്പോ പെങ്കൊച്ചു നേരെ സതീശന്റെ അടുത്ത് വന്നിട്ട് ഒരു ഡയലോഗ്… “എന്റെ മുടിയേ, അമ്മുമ്മ നല്ല കാച്ചിയ എണ്ണയിട്ടു ഉണ്ടാക്കിയതാ, ചേട്ടന്റെ ഭാര്യക്ക്‌ വേണേല്‍ എന്റെ അമ്മുമ്മയെ പരിചയപ്പെടുത്തി തരാം…” (നല്ല പച്ച മലയാളം)

എപ്പടി???

Poems and articles by Dr Haroon Ashraf ©

ആറ് യൂ…. മലയാളീ?…

നറ്മ്മം എഴുതി വലിയ ശീലമില്ല, എഴുതി നന്നാക്കാം എന്നാണു പ്രതീക്ഷ…

ഞാന്‍ ദില്ലിയില്‍ വന്ന കാലം. 2008 ഒക്ടോബറാണെന്നു തോന്നുന്നു…
പബ്ലിക്‌ അഡ്മിനിസ്ട്രേഷന് ക്ലാസ്സ്‌ തുടങ്ങി രണ്ടു ദിവസം ആയിക്കാണും. ഞാന്‍ ക്ലാസ്സ്‌ കഴിഞ്ഞു മുഖറ്ജീ നഗറില്‍ വായ നോക്കി നടക്കുന്നു..
എല്ലാ കടയിലും കയറി അവിടെ ഇല്ലാത്ത പുസ്ടകം ചോദിച്ചു കുറച്ചു സമയം കളയണം, എന്നിട്ട് ഉച്ചഭക്ഷണ സമയമാകുമ്പോള്‍ റൂമിലെത്തണം… അതാണ്‌ ഉദ്ദേശം. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഒരു പാട് വിദ്യാര്‍ഥികള്‍ താമസിക്കുന്ന പ്രദേശമാണ്. വ-കി ഇന്ത്യ പൊതുവേ തണുത്ത സ്ഥലമായത് കൊണ്ട് അവിടുന്ന് വരുന്നവര്‍ക്ക് ദില്ലിയിലെ അതിശൈത്യം മാത്രമേ തണുപ്പായി തോന്നു. അവിടുത് കാരികള്‍ പൊതുവേ 2″ വരുന്ന ട്രൌസേരും ധരിച്ചാണ് നടക്കുന്നത്. പരമാനന്ദ സുഖം ഒന്നും ഇല്ലേലും, ഒരല്‍പം നയനാനന്ദ സുഖം ഒക്കെ ആവാമല്ലോ..

അങ്ങനെ നടക്കുമ്പോള്‍ ഒരാള്‍ വെള്ള ഖദര്‍ ഷര്‍ട്ടും, മുണ്ടും ധരിച്ചു, മോഹന്‍ലാല്‍ സ്റ്റൈലില്‍ മുണ്ടിന്റെ കോന്തല ഒരു കയ്യില്‍ പിടിച്ചു ഞെളിഞ്ഞു നടക്കുന്നു. മുണ്ടുടുത്തവരെ(പാന്റ്സ് അല്ലെങ്കില്‍ ധോതി അല്ലാത്ത വസ്ത്രം ധരിച്ചവരെ എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ ) കണ്ടാല്‍ ദില്ലിക്കാര് ‘അയ്യേ, ആരിത്’ എന്ന മട്ടില്‍ നോക്കും എന്ന് മുന്‍പ് ദില്ലിയില്‍ ഉണ്ടായിരുന്ന ഗിരീഷ്‌ പറഞ്ഞിരുന്നു…

ഞാനും ദില്ലിക്കാരനാനെന്നു ദില്ലിക്കാര്‍ വിചാരിച്ചോട്ടെ എന്ന് വിചാരിച്ചു ഞാനും ഒന്ന് തറപ്പിച്ചു നോക്കി. അപ്പൊ അയാളെ എവിടെയോ കണ്ടിട്ടുള്ളത് മാതിരി. ഞാന്‍ ഒന്ന് കൂടെ സൂക്ഷിച്ചു നോക്കി(പുള്ളി കേരളത്തിലെ ഒരു അറിയപ്പെടുന്ന രാഷ്ട്രീയക്കാരനാണ് ). ഞാന്‍ നോക്കിയതിന്റെ ശക്തി ഒരല്‍പം കൂടിപ്പോയി എന്ന് തോന്നുന്നു, ദില്ലിക്കാര്‍ അത്ര ഉറപ്പിച്ചു നോക്കുന്നില്ല.

മുണ്ടുടുത്ത ആളുടെ കൂടെ നടന്നിരുന്ന പയ്യന്‍ തിരിഞ്ഞു എന്റെ അടുത്തേക്ക് വന്നു… ഞാന്‍ ചെറുപ്പത്തില്‍ പഠിച്ച കരാട്ടെയുടെ ബാലപാഠങള്‍് മനസ്സില്‍ ഒറ്ത്തെടുക്കാന് ശ്രമിക്കുകയും, അതിനൊപ്പം ഓടാന്‍ പറ്റിയ വഴികള്‍ മനസ്സില്‍ ഒന്ന് കൂടെ ആലോചിക്കുകയും ചെയ്തു.

മുടി പറ്റെ വെട്ടിയിട്ടൂണ്ട്. വലിയ ഹൈറ്റും വെയ്റ്റും ഒന്നും ഇല്ല, ആകപ്പാടെ ഏഷ്യാനെറ്റിലെ മുന്‍ഷിയിലെ മൊട്ടയില്ലേ ആ ലുക്ക്‌. എന്നാലും ചിന്തിക്കുന്നതിനു മുന്‍പേ പ്രവര്‍ത്തിക്കുന്ന ആളാണെന്നു കണ്ണുകള്‍ വിളിച്ചു പറയുന്നു… ഗുണ്ട???

പയ്യന്‍സ് നേരെ എന്റെ മുന്‍പില്‍ വന്നു നിന്നു, ഞാനാണെങ്കില്‍ എന്തിനും തയ്യാറ്…
എന്നേ സൂക്ഷിച്ചു നോക്കിയിട്ട് അവന്‍ വിക്കി വിക്കി ചോദിച്ചു.. “ആറ് … യൂ … മലയാളീ…?…

ആ ചോദ്യം കേട്ടപ്പോള്‍ എന്റെ ധൈര്യമെല്ലാം തിരിച്ചു വന്നു. അറബിക്കഥയിലെ ശ്രീനിവാസന്റെ “ഇങ്ങള്‍ മല്യാള്യാ” എന്ന ചോദ്യം മനസ്സിലേക്ക് ഓടി വന്നു. പതിനെട്ടു അക്ഷൌഹിണികള്‍ ഒറ്റയ്ക്ക് നേരിടാന്‍ പോന്ന ധൈര്യം എനിക്കുണ്ടായി. ഞാന്‍ പഴയ വീരശൂര പരക്രമിയിലേക്ക് തിരിച്ചു വന്നു..

തല ഉയര്ത്തിപ്പിടിചു ഞാന്‍ ചോദിച്ചു “yea, what do you want?”

ഹോ ഇപ്പൊളാ സമാധാനമായത്… ഒരു മലയാളിയെ ഞാന്‍ എവിടൊക്കെ നോക്കിയെന്നോ, ക്ലാസ്സില്‍ ഞാന്‍ കൊറേപ്പേരൊടു ചോദിച്ചു നോക്കി… ആരും ഈ ഉത്തരം പറഞ്ഞില്ല…
എന്ന് മറുപടി…
ഇതാണ് നമ്മുടെ കഥാനായകന്‍, അരവിന്ദന്‍(പേര് മാറ്റിയേക്കാം, ഇല്ലേല്‍ നാളെ അവന്‍ എന്നേ വിളിച്ചു കരയും…) ഇദ്ദേഹത്തിന്റെ കൊറേ കഥകള്‍ ഉണ്ട്, എല്ലാം വഴിയെ…
ഇത് ഇദ്ദേഹത്തെ പരിചയപ്പെട്ട കഥ മാത്രം…

വാല്‍ക്കഷ്ണം: കൊണ്ടോട്ടിക്കാരന്‍ റഷീദ് ഭായി മണ്ടത്തരം കേട്ട് മടുക്കുമ്പോ പറയും…
“അനക്കന്നോന്‍ ചോയിച്ചപ്പോ മലയാള്യല്ലാന്നു പറഞ്ഞാ പോരായിനൊ??? “

Poems and articles by Dr Haroon Ashraf ©

ദില്ലി ഡയറി

ഒരു ദില്ലി ഡയറി എഴുതി തുടങ്ങണം എന്ന് വിചാരിച്ചിട്ട് കാലം കുറെ ആയി. എന്നും വിചാരിക്കും, മടി കാരണം മാറ്റി വെക്കും. ഇനി മാറ്റി വച്ചാല്‍ ശരിയാവില്ല എന്ന് തോന്നിയപ്പോള്‍ ഒരു പോസ്റ്റ്‌ ഇട്ടു കളയാം എന്നുറപ്പിച്ചു. ഒരു തുടക്കം ആവുമല്ലോ. തുടങ്ങിയാല്‍ പിന്നെ അങ്ങനെ പൊയ്ക്കോളും.

ദില്ലി എന്ന മഹാനഗരത്തില്‍ വെച്ച് ഉണ്ടായ രസകരമായ അനുഭവങ്ങള്‍ ആണ് ഞാന്‍ ഇവിടെ പങ്കുവയ്ക്കാന്‍ ഉദേശിക്കുന്നത്. ‘ഇങ്ങള്‍ മലയാള്യാഎന്ന് ചോദിച്ച അരവിന്ദന്റെ കഥ മുതല്‍ ഞാന്‍ തുടങ്ങാം. അത് നടന്നത് 2008 ഇല്‍ ആണെങ്കിലും!!! അപ്പൊ എല്ലാവരും കാത്തിരിക്കുക, നാളെ മുതല്‍ എന്റെ ദില്ലി ഡയറി തുടങ്ങുന്നു. എന്നുമാല്ലെങ്കിലും ആഴ്ചയില്‍ ഒരു രണ്ടു ദിവസം എങ്കിലും ഞാന്‍ എന്തെങ്കിലും ഇട്ടു തരാം.

രസകരമായ കാര്യങ്ങള്‍ മാത്രേ ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നുള്ളൂ, എന്ന് വച്ച് ജീവിതം വെറും രസങ്ങള്‍ മാത്രം ഉള്ളതാണ് എന്ന് വിചാരിക്കേണ്ട. ബാകി എല്ലാ വികാരങ്ങളും, ഞാന്‍ പിന്നാംപുറത്തേക്കു മാറ്റി വെക്കുന്നുഅറിയാതെ ഇടക്കെങ്ങാനും സീരിയസ് വിഷയങ്ങള്‍ വന്നു പോയ ക്ഷമീര്

അപ്പൊ നാളെ കാണാം, സുരേഷ് ഗോപി പറഞ്ഞത് പോലെ കാണണം!!!

Punch line അഥവാ വാല്‍ക്കഷ്ണം : ആരും ആളെ വിട്ടു തല്ലിക്കരുത്!!!
दिल्ली दिल ही है

Poems and articles by Dr Haroon Ashraf ©