ബുദ്ധം

ഒരു രാത്രി,

ചെളിയിൽ പുതഞ്ഞ കുളമ്പുകളുടെ

പതിഞ്ഞ ശബ്ദങ്ങൾക്ക്

അകമ്പടി സേവിക്കണം…

ഏതോ അതിർവരമ്പുകൾക്കിടയിൽ

ചാന്നായെ തിരിച്ചയാക്കണം

കൊട്ടാരത്തിന്റെ കൈകൾ എത്താത്ത

ദൂരത്തോളം തനിയെ നടക്കണം

എതോ പട്ടണത്തിൽ കാത്തിരിക്കുന്ന

ഗുരുവിനെ കാണണം

പിന്നെ ഒരു സുപ്രഭാതത്തിൽ

അവിടുന്നും നടക്കണം

വിശന്ന് തളർന്നു വീഴുമ്പോൾ

ഒരു ഗ്രാമീണ കന്യകയുടെ കൈയ്യിലെ

ചോറും പാലും ഉയിർപ്പാക്കണം

എന്നെങ്കിലും വീണ്ടും

രാഹുലനെയും കൂട്ടി വീണ്ടും പോകാൻ

ഒരിക്കൽ കൂടി തിരികെ വരണം

ഇതിനിടയിൽ എനിക്കായി കാത്തിരിക്കുന്ന

നിരഞ്ജനയിൽ സ്നാനം

പിന്നെ ഏതോ ഒരു ഗയയിൽ

ബോധോദയം…

ക്വൊട്ടേഷൻ

ഹലോ?

ഹലോ.

സുരേഷ് കുമാർ അല്ലെ…

ഏതു സുരേഷ് കുമാറിനെയാണ് വേണ്ടത്?

ഈ.. വടിവാൾ.. സുരു… എന്ന്…

ആ, എന്താ വേണ്ടത്?

ഒരു വർക്ക് ഉണ്ടായിരുന്നു…

ഒരാളെ തട്ടണം… അവൻ എന്നെ കളിയാക്കി…

കളിയാക്കിയതിനൊക്കെ തട്ടണോ?

വേണം, ഇല്ലെങ്കിൽ എനിക്ക് ഈ നാട്ടിൽ ഒരു വിലയുമുണ്ടാവില്ല…

എന്റെ റേറ്റ് ഒക്കെ അറിയാമല്ലോ അല്ലെ? ഡീറ്റയിൽസും അഡ്വാൻസും എത്തിച്ചോളൂ.

വീട്ടിൽ എത്തിക്കണോ, അതോ…

വീട്ടിൽ കൊടുത്തോളൂ, ബൈ ദി ബൈ, നിങ്ങളുടെ പേരെന്താ…

ഞാൻ ദൈവം… എന്നെ കളിയാക്കുന്ന തെണ്ടികൾക്കൊക്കെ ഒരു പണി കൊടുക്കണം… അതാ…

ബീപ്പ് ബീപ്പ് ബീപ്പ്…….

അനോക്സിയ

ഉഷ്ണമാപിനിയുടെ ഏറ്റ കുറച്ചിലുകൾക്കിടയിൽ തളർന്നു കിടന്നപ്പോളാണ് എന്നിലെ പ്രണയം മരിച്ചതും പ്രണയ കവിത ജനിച്ചതും.

ആകാശത്തു നിന്ന് ആരോ മൂക്കുചീറ്റിയത് പോലെ കാലം തെറ്റിപെയ്ത ഒരു മഴ

എന്നെ നനയിച്ചു കടന്നു പോയി.

ശീതീകരണിയുടെ ഹുങ്കാരത്തിനും

രാത്രിയുടെ നിശ്ശബ്ദതക്കുമിടയിൽ

ഞാൻ വേവാതെ കിടന്നു.

ഒരു നിശ്വാസത്തിന്റെ അകലം

പലപ്പോളും വളരെ ആഴമുള്ളതായ പോലെ

ഒരു നീലവെളിച്ചം ഖനീഭവിച്ചു

എന്റെ ശ്വാസനാളികളെ അടച്ചു പിടിച്ചു.

ഇനി അവരോഹണം…

മറവി

.മറന്നു പോയ പ്രണയം
ഫ്രിഡ്ജില്‍ ഇരുന്നു മരവിക്കുന്നു
എന്നാല്‍ ചൂട് ഒരിക്കലും കുറയുന്നില്ല
ഹൃദയത്തിന്‍റെ ഗതി താളങ്ങളില്‍
ഒരു തുള്ളി ചോരയുടെ സംഗീതം
പ്രണയം കത്തിക്കൊണ്ടേ ഇരുന്നു
ഒരു നിരാസത്തിന്‍റെ മുറിവില്‍
എണ്ണയായി.
വാക്കുകളുടെ മായയ്ക്കിടയില്‍
കണ്ണു നീരിന്‍റെ ഉപ്പും
വഞ്ചനയുടെ തണുപ്പും
നീറ്റലുകള്‍ക്കിടയില്‍
പ്രണയം കുരുങ്ങിക്കിടന്നു
ഓവനുകള്‍ തണുക്കാറുമില്ല
ഫ്രിഡ്ജുകള്‍ ചൂടാകാറുമില്ല…
ഊതിത്തണുപ്പിക്കാനാവാതെ
പ്രണയം എരിഞ്ഞു തീര്‍ന്നു

Poems and articles by Dr Haroon Ashraf ©

വര്‍ണ്ണജാലം …

നീലാകാശവും പച്ചത്തെങ്ങോലയും
ബാല്യത്തിലെ നിറച്ചാര്‍ത്തുകള്‍
ഇരുണ്ട മനസുകള്‍ താണ്ടി
ബാല്യം കടന്നപ്പോള്‍
നിറങ്ങള്‍ക്ക് ഭാവപകര്‍ച്ച
അടിച്ചു ചതച്ച മാംസത്തിന്റെ പച്ച
ചിതറിത്തെറിച്ച തലച്ചോറിന്റെ വെള്ള
പഴുത്ത് പുഴു കെട്ടിയ മഞ്ഞ
ചുവപ്പിന്റെ തീഷ്ണതക്ക് വേണ്ടി
അടുത്തു കിട്ടിയവനെ
അറുത്ത് ചോരയാക്കി…
ദാഹം മൂത്തപ്പോള്‍ ഇനി ചീന്താനുള്ള
അകിടുകള്‍ നോക്കി
വെടിയുണ്ടയുടെയും ലോഹപ്പിച്ചാത്തിയുടെയും
നിറം കൃത്യമായി
പ ഠിപ്പിക്കാത്ത ചിത്രകലാധ്യാപകനെ
മനസ്സില്‍ ശപിച്ചു…
ഇനി താണ്ടവത്തിന്റെ
വര്‍ണ്ണജാലം…

Poems and articles by Dr Haroon Ashraf ©

പരീക്ഷക്കാലം

വായിക്കാതെ പോയ
പുസ്തകങ്ങള്‍
മുറിയുടെ മൂലയ്ക്ക് ഇരുന്നു
പല്ലിളിക്കുന്നു…

മറവിയില്‍ മറഞ്ഞ അക്ഷരങ്ങള്‍
കൊഞ്ഞനം കുത്തുന്നു…

രാത്രിയുടെ തണുപ്പ്
താരാട്ട് പാടി ഉറക്കുന്നു.
പകല്‍ വെയില്‍
ക്ഷീണം ആയി മയക്കുന്നു…

പേന അര്‍ത്ഥശൂന്യമായ
വരകള്‍ സമ്മാനിച്ചും
കടലാസ് ശൂന്യതയുടെ
വെളുപ്പായും…

ഇത് പരീക്ഷക്കാലം
ജനിമൃതികള്‍ പോലെ
തുടരുന്ന, അവസാനിക്കാത്ത
തുടര്‍ച്ചയുടെ ഇടവേള.

Poems and articles by Dr Haroon Ashraf ©

പരാജിതന്‍.

ഉരുകിത്തീരുന്ന മെഴുകുതിരി പോലെ
കത്തിത്തീരുന്ന കര്പ്പൂരമ് പോലെ
മഞ്ഞില്‍ മരവിക്കാതെ,
വെയിലില്‍ വാടാതെ,
നിന്റെ പ്രണയം എന്നെ അമ്പരപ്പിക്കുന്നു
എന്നെ ലജ്ജിപ്പിക്കുകയും ചെയ്യുന്നു
രാജാവ് നഗ്നനാണ് എന്ന് വിളിച്ചുപറഞ്ഞ
കുട്ടിയെപ്പോലെ
എന്റെ പോരായ്മകള്‍ ഓര്‍മ്മിപ്പിക്കുന്നു
ക്ഷമിക്കുക,
ഒരു വിശ്വാസം മാത്രം കൊണ്ട്
എന്നെ പ്രണയിക്കുന്നവളേ
എന്റെ ഓരോ വീഴ്ച്ചക്കും നീ മാപ്പ് തരിക
ഇനിയും എത്രകാലം,
നിന്നെ എത്രയൊക്കെ പ്രണയിച്ചാലും
നിന്റെതിനു പകരമാകില്ല
എന്നറിഞ്ഞു കൊണ്ട് പോലും
എനിക്ക് നിന്നെ
പ്രണയം കൊണ്ട് മൂടാനാവുന്നില്ലല്ലോ…
ഓരോ ദിനവും,
നിന്റെ കണക്കു പുസ്തകത്തില്‍
അക്കങ്ങള്‍ പെരുപ്പിച്ചു കൊണ്ട്
കടന്നു പോവുമ്പോള്‍ …
എനിക്ക് മറ്റൊന്നിനും ആവുന്നില്ല
പരാജിതനായി, കീഴടങ്ങാനല്ലാതെ.

Poems and articles by Dr Haroon Ashraf ©

അര്‍ബുദം

എപ്പോഴാണ് തുടങ്ങിയത് എന്നറിയില്ല
അറിഞ്ഞപ്പോള്‍ വളരെ വൈകിയിരുന്നു

എവിടെയാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്
എന്നും മനസ്സിലായില്ല,
ഒന്നൊന്നായി എല്ലായിടത്തും പടര്‍ന്നിരിക്കുന്നു

വേദന കാര്‍ന്നത്‌ എന്താണെന്നു മനസ്സിലാവും മുന്‍പേ
നീറിപ്പടര്‍ന്നു ഞാന്‍ തന്നെ ഇല്ലാതായി.

ചിലപ്പോളൊക്കെ പൊട്ടിയടര്‍ന്ന്‍ ചലം ചീറ്റി
ചിലപ്പോള്‍ ഒരു വിങ്ങലായി അടങ്ങിയൊതുങ്ങി

പിന്നെ ഒരു തരം സുഖകരമായ മരവിപ്പ്
ഒരു സ്വപ്നാനുഭൂതി…

തിരിച്ചറിയുമ്പോഴേക്കും
വളര്‍ന്നു പന്തലിച്ചു നിയന്ത്രണാതീതം
ആവുന്ന ഒരു തരം രോഗമത്രേ
പ്രണയം…

Poems and articles by Dr Haroon Ashraf ©

ആഘോഷം

വെടിമരുന്നിന്റെ ഗന്ധം 
പുക, വെളിച്ചം, ശബ്ദം…
ഒടുവില്‍ ചിതറിത്തെറിച്ച
കടലാസ് കഷ്ണങ്ങള്‍ 
ചുവപ്പ് നിറം പുരണ്ടു കിടന്നു,
വഴിയില്‍ കൂനയായി.
മഞ്ഞണിഞ്ഞ പ്രഭാതം 
ഉണരാന്‍ മടിച്ചു കിടന്നു.
വെടിമരുന്നിന്റെ ഗന്ധം മാത്രം അപ്പോളും…
അതെ
ഇത് ദീപാവലി,
അപ്പുറത്തെ പീടികക്കോലയില്‍
ഒരു റിക്ഷക്കാരന്‍ മാത്രം
വിലകുറഞ്ഞ മദ്യത്തില്‍
വേദന മറന്നു മയങ്ങിക്കിടന്നു..
Poems and articles by Dr Haroon Ashraf ©

ജീവിതം

ഒരു ചുവന്ന ആകാശവും
സ്വപ്‌നങ്ങള്‍ വിരിയുന്ന
പുല്‍പ്പരപ്പും
പിന്നെ പറയാനാവാത്തത്ര
പ്രണയവും
ഹൃദയം നിറയുന്ന
ഏകാന്തതയും
പിന്നെ
എവിടെയോ മറന്നു വച്ച
മനസിന്റെ വിങ്ങലുകളും
ഒരല്‍പം ലഹരിയും
ചിരിയും, കളിയും
മോഹങ്ങളും….

Happy Birthday to M K Singh (Director ALS)
17-07-2010

Poems and articles by Dr Haroon Ashraf ©