സതീശന്റെ പ്രണയകഥകള്‍..

ഇന്ന് നമുക്ക് ദില്ലിയിലെ മറ്റൊരു മലയാളി കഥാപാത്രത്തെ പരിചയപ്പെടാം…

നല്ല പൊക്കം.. (ഇത്തവണ പേര് മാറ്റിയത് സെന്റി പേടിച്ചല്ല, അടി പേടിച്ചാണ്… )
പുള്ളി ശാസ്ത്ര വിഷയത്തില്‍ +2 അദ്ധ്യാപഹയന്‍…, എന്നെപ്പോലെ സിവില്‍ സര്‍വ്വീസ് മോഹം മൂത്തപ്പോ ജോലി കളഞ്ഞു ദില്ലിക്ക് കയറിയതാ!
നല്ല വെളുത്തു സുന്ദരന്‍, അത്യാവശ്യം സംസാരിക്കാനുള്ള കഴിവ്, ആരോടും ഇടിച്ചു കേറി കമ്പനി ആവും, വളരെ ‘caring’ ആയ സ്വഭാവം…
പെണ്‍കുട്ടികള്‍ പുറകെ കൂടാന്‍ ഇത്രയും പോരെ???

അത്യാവശ്യം കാണാന്‍ കൊള്ളാവുന്ന പെണ്‍്പിള്ളേര്‍ ഇദ്ദേഹത്തിന്റെ ഒരു വീക്നെസ് ആണെന്ന് അസൂയാലുക്കള്‍ പറയുന്നുണ്ട്…
എന്തൊക്കെയായാലും നല്ല മുടിയുള്ള പെണ്‍കുട്ടികളെ കണ്ടാല്‍ ഇദ്ദേഹം ഒരു 5 മിനിട്ട് നോക്കി നില്‍ക്കും.
പക്ഷെ കാര്യം വരുമ്പോ ഇദ്ദേഹം ശുദ്ധനാണ്‍്ട്ടൊ… ഒരല്‍പം പഞ്ചാര, കമ്പനി, ഇതിലപ്പുറം ഒന്നിനും ഇദ്ദേഹത്തെ കിട്ടില്ല… ഇതിനപ്പുറത്തെക്കു കടക്കുന്നു എന്ന് തോന്നിയാല്‍ നൈസായി മുങ്ങും..

ഒരിക്കല്‍ ഒരു മറാത്തിക്കുട്ടി ഇദ്ദേഹത്തിന്റെ പിറകെ കൂടിയതാ…
ഒരു 4 മണിക്കൂറ് ക്ലാസ്സ്‌ യദാര്‍ത്ഥ ജീവിതത്തെക്കുറിച്ചു ക്ലാസ്സ്‌ എടുതുകൊടുത്തിട്ട ഇദ്ദേഹം തല ഊരിയത്…(ആ കഥ പിന്നൊരിക്കല്…)
നമ്മുടെ സതീശന്‍ ഒരിക്കല്‍ എന്റെകൂടെ മെട്രോയില്‍ യാത്ര ചെയ്യുകയായിരുന്നു. എവിടുന്നോ ഒരു പെണ്‍കുട്ടി മെട്രോയില്‍ കയറി. നല്ല മുടിയൊക്കെ ഉണ്ട്. മുടി പണ്ടേ സതീശന്റെ വീക്നെസ് ആണല്ലോ…
പെണ്കുട്ടിയാണേല്‍ നല്ല ജീന്‍സ് ടോപ്‌ ഒക്കെ ഇട്ടു നല്ല മോഡേണ്‍ കൊച്ച്…
സതീശന്‍ മുടിയെപ്പറ്റി വാചാലനാവാന്‍ തുടങ്ങി. പാവം ഞാന്‍ സഹിക്കാന്‍ നിര്‍ബന്ധിതനും. ഉറങ്ങിക്കിടന്ന എന്നെ ഷോപ്പിംഗ്‌ കമ്പനി എന്ന് പറഞ്ഞു കൂട്ടിക്കൊണ്ടുവന്ന നീ ഇതൊക്കെ സഹിച്ചേ തീരു എന്ന മട്ട്…
അങ്ങനെ കുറച്ചു നേരം ആയി, പെണ്‍കുട്ടി ഇടയ്ക്കിടയ്ക്ക് ഇതാരാണപ്പാ അറിയാത്ത ഭാഷയില്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ടൈരിക്കുന്നതു എന്ന ഭാവത്തില്‍ തിരിഞ്ഞു നോക്കുന്നുമുണ്ട്.

രാജീവ്‌ ചൌക്ക് സ്റ്റേഷന്‍ എത്തി. ഇറങ്ങാനായപ്പോ പെങ്കൊച്ചു നേരെ സതീശന്റെ അടുത്ത് വന്നിട്ട് ഒരു ഡയലോഗ്… “എന്റെ മുടിയേ, അമ്മുമ്മ നല്ല കാച്ചിയ എണ്ണയിട്ടു ഉണ്ടാക്കിയതാ, ചേട്ടന്റെ ഭാര്യക്ക്‌ വേണേല്‍ എന്റെ അമ്മുമ്മയെ പരിചയപ്പെടുത്തി തരാം…” (നല്ല പച്ച മലയാളം)

എപ്പടി???

Poems and articles by Dr Haroon Ashraf ©

ആറ് യൂ…. മലയാളീ?…

നറ്മ്മം എഴുതി വലിയ ശീലമില്ല, എഴുതി നന്നാക്കാം എന്നാണു പ്രതീക്ഷ…

ഞാന്‍ ദില്ലിയില്‍ വന്ന കാലം. 2008 ഒക്ടോബറാണെന്നു തോന്നുന്നു…
പബ്ലിക്‌ അഡ്മിനിസ്ട്രേഷന് ക്ലാസ്സ്‌ തുടങ്ങി രണ്ടു ദിവസം ആയിക്കാണും. ഞാന്‍ ക്ലാസ്സ്‌ കഴിഞ്ഞു മുഖറ്ജീ നഗറില്‍ വായ നോക്കി നടക്കുന്നു..
എല്ലാ കടയിലും കയറി അവിടെ ഇല്ലാത്ത പുസ്ടകം ചോദിച്ചു കുറച്ചു സമയം കളയണം, എന്നിട്ട് ഉച്ചഭക്ഷണ സമയമാകുമ്പോള്‍ റൂമിലെത്തണം… അതാണ്‌ ഉദ്ദേശം. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഒരു പാട് വിദ്യാര്‍ഥികള്‍ താമസിക്കുന്ന പ്രദേശമാണ്. വ-കി ഇന്ത്യ പൊതുവേ തണുത്ത സ്ഥലമായത് കൊണ്ട് അവിടുന്ന് വരുന്നവര്‍ക്ക് ദില്ലിയിലെ അതിശൈത്യം മാത്രമേ തണുപ്പായി തോന്നു. അവിടുത് കാരികള്‍ പൊതുവേ 2″ വരുന്ന ട്രൌസേരും ധരിച്ചാണ് നടക്കുന്നത്. പരമാനന്ദ സുഖം ഒന്നും ഇല്ലേലും, ഒരല്‍പം നയനാനന്ദ സുഖം ഒക്കെ ആവാമല്ലോ..

അങ്ങനെ നടക്കുമ്പോള്‍ ഒരാള്‍ വെള്ള ഖദര്‍ ഷര്‍ട്ടും, മുണ്ടും ധരിച്ചു, മോഹന്‍ലാല്‍ സ്റ്റൈലില്‍ മുണ്ടിന്റെ കോന്തല ഒരു കയ്യില്‍ പിടിച്ചു ഞെളിഞ്ഞു നടക്കുന്നു. മുണ്ടുടുത്തവരെ(പാന്റ്സ് അല്ലെങ്കില്‍ ധോതി അല്ലാത്ത വസ്ത്രം ധരിച്ചവരെ എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ ) കണ്ടാല്‍ ദില്ലിക്കാര് ‘അയ്യേ, ആരിത്’ എന്ന മട്ടില്‍ നോക്കും എന്ന് മുന്‍പ് ദില്ലിയില്‍ ഉണ്ടായിരുന്ന ഗിരീഷ്‌ പറഞ്ഞിരുന്നു…

ഞാനും ദില്ലിക്കാരനാനെന്നു ദില്ലിക്കാര്‍ വിചാരിച്ചോട്ടെ എന്ന് വിചാരിച്ചു ഞാനും ഒന്ന് തറപ്പിച്ചു നോക്കി. അപ്പൊ അയാളെ എവിടെയോ കണ്ടിട്ടുള്ളത് മാതിരി. ഞാന്‍ ഒന്ന് കൂടെ സൂക്ഷിച്ചു നോക്കി(പുള്ളി കേരളത്തിലെ ഒരു അറിയപ്പെടുന്ന രാഷ്ട്രീയക്കാരനാണ് ). ഞാന്‍ നോക്കിയതിന്റെ ശക്തി ഒരല്‍പം കൂടിപ്പോയി എന്ന് തോന്നുന്നു, ദില്ലിക്കാര്‍ അത്ര ഉറപ്പിച്ചു നോക്കുന്നില്ല.

മുണ്ടുടുത്ത ആളുടെ കൂടെ നടന്നിരുന്ന പയ്യന്‍ തിരിഞ്ഞു എന്റെ അടുത്തേക്ക് വന്നു… ഞാന്‍ ചെറുപ്പത്തില്‍ പഠിച്ച കരാട്ടെയുടെ ബാലപാഠങള്‍് മനസ്സില്‍ ഒറ്ത്തെടുക്കാന് ശ്രമിക്കുകയും, അതിനൊപ്പം ഓടാന്‍ പറ്റിയ വഴികള്‍ മനസ്സില്‍ ഒന്ന് കൂടെ ആലോചിക്കുകയും ചെയ്തു.

മുടി പറ്റെ വെട്ടിയിട്ടൂണ്ട്. വലിയ ഹൈറ്റും വെയ്റ്റും ഒന്നും ഇല്ല, ആകപ്പാടെ ഏഷ്യാനെറ്റിലെ മുന്‍ഷിയിലെ മൊട്ടയില്ലേ ആ ലുക്ക്‌. എന്നാലും ചിന്തിക്കുന്നതിനു മുന്‍പേ പ്രവര്‍ത്തിക്കുന്ന ആളാണെന്നു കണ്ണുകള്‍ വിളിച്ചു പറയുന്നു… ഗുണ്ട???

പയ്യന്‍സ് നേരെ എന്റെ മുന്‍പില്‍ വന്നു നിന്നു, ഞാനാണെങ്കില്‍ എന്തിനും തയ്യാറ്…
എന്നേ സൂക്ഷിച്ചു നോക്കിയിട്ട് അവന്‍ വിക്കി വിക്കി ചോദിച്ചു.. “ആറ് … യൂ … മലയാളീ…?…

ആ ചോദ്യം കേട്ടപ്പോള്‍ എന്റെ ധൈര്യമെല്ലാം തിരിച്ചു വന്നു. അറബിക്കഥയിലെ ശ്രീനിവാസന്റെ “ഇങ്ങള്‍ മല്യാള്യാ” എന്ന ചോദ്യം മനസ്സിലേക്ക് ഓടി വന്നു. പതിനെട്ടു അക്ഷൌഹിണികള്‍ ഒറ്റയ്ക്ക് നേരിടാന്‍ പോന്ന ധൈര്യം എനിക്കുണ്ടായി. ഞാന്‍ പഴയ വീരശൂര പരക്രമിയിലേക്ക് തിരിച്ചു വന്നു..

തല ഉയര്ത്തിപ്പിടിചു ഞാന്‍ ചോദിച്ചു “yea, what do you want?”

ഹോ ഇപ്പൊളാ സമാധാനമായത്… ഒരു മലയാളിയെ ഞാന്‍ എവിടൊക്കെ നോക്കിയെന്നോ, ക്ലാസ്സില്‍ ഞാന്‍ കൊറേപ്പേരൊടു ചോദിച്ചു നോക്കി… ആരും ഈ ഉത്തരം പറഞ്ഞില്ല…
എന്ന് മറുപടി…
ഇതാണ് നമ്മുടെ കഥാനായകന്‍, അരവിന്ദന്‍(പേര് മാറ്റിയേക്കാം, ഇല്ലേല്‍ നാളെ അവന്‍ എന്നേ വിളിച്ചു കരയും…) ഇദ്ദേഹത്തിന്റെ കൊറേ കഥകള്‍ ഉണ്ട്, എല്ലാം വഴിയെ…
ഇത് ഇദ്ദേഹത്തെ പരിചയപ്പെട്ട കഥ മാത്രം…

വാല്‍ക്കഷ്ണം: കൊണ്ടോട്ടിക്കാരന്‍ റഷീദ് ഭായി മണ്ടത്തരം കേട്ട് മടുക്കുമ്പോ പറയും…
“അനക്കന്നോന്‍ ചോയിച്ചപ്പോ മലയാള്യല്ലാന്നു പറഞ്ഞാ പോരായിനൊ??? “

Poems and articles by Dr Haroon Ashraf ©

ദില്ലി ഡയറി

ഒരു ദില്ലി ഡയറി എഴുതി തുടങ്ങണം എന്ന് വിചാരിച്ചിട്ട് കാലം കുറെ ആയി. എന്നും വിചാരിക്കും, മടി കാരണം മാറ്റി വെക്കും. ഇനി മാറ്റി വച്ചാല്‍ ശരിയാവില്ല എന്ന് തോന്നിയപ്പോള്‍ ഒരു പോസ്റ്റ്‌ ഇട്ടു കളയാം എന്നുറപ്പിച്ചു. ഒരു തുടക്കം ആവുമല്ലോ. തുടങ്ങിയാല്‍ പിന്നെ അങ്ങനെ പൊയ്ക്കോളും.

ദില്ലി എന്ന മഹാനഗരത്തില്‍ വെച്ച് ഉണ്ടായ രസകരമായ അനുഭവങ്ങള്‍ ആണ് ഞാന്‍ ഇവിടെ പങ്കുവയ്ക്കാന്‍ ഉദേശിക്കുന്നത്. ‘ഇങ്ങള്‍ മലയാള്യാഎന്ന് ചോദിച്ച അരവിന്ദന്റെ കഥ മുതല്‍ ഞാന്‍ തുടങ്ങാം. അത് നടന്നത് 2008 ഇല്‍ ആണെങ്കിലും!!! അപ്പൊ എല്ലാവരും കാത്തിരിക്കുക, നാളെ മുതല്‍ എന്റെ ദില്ലി ഡയറി തുടങ്ങുന്നു. എന്നുമാല്ലെങ്കിലും ആഴ്ചയില്‍ ഒരു രണ്ടു ദിവസം എങ്കിലും ഞാന്‍ എന്തെങ്കിലും ഇട്ടു തരാം.

രസകരമായ കാര്യങ്ങള്‍ മാത്രേ ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നുള്ളൂ, എന്ന് വച്ച് ജീവിതം വെറും രസങ്ങള്‍ മാത്രം ഉള്ളതാണ് എന്ന് വിചാരിക്കേണ്ട. ബാകി എല്ലാ വികാരങ്ങളും, ഞാന്‍ പിന്നാംപുറത്തേക്കു മാറ്റി വെക്കുന്നുഅറിയാതെ ഇടക്കെങ്ങാനും സീരിയസ് വിഷയങ്ങള്‍ വന്നു പോയ ക്ഷമീര്

അപ്പൊ നാളെ കാണാം, സുരേഷ് ഗോപി പറഞ്ഞത് പോലെ കാണണം!!!

Punch line അഥവാ വാല്‍ക്കഷ്ണം : ആരും ആളെ വിട്ടു തല്ലിക്കരുത്!!!
दिल्ली दिल ही है

Poems and articles by Dr Haroon Ashraf ©