Writings…

വിന്ഡോസ് – മില്ലേനിയം വെര്‍ഷന്‍

ഒരു ജാലകം പോലെ, എന്റെ മനസ്സ്

അടയുന്ന, തുറയുന്ന, ജാലകപ്പാളികള്‍
ഇതേതു ജാലകം തുറക്കുന്നതിനപ്പുറം
വ്യത്യസ്തമായനേകം കാഴ്ചകള്‍
ഒരു പൊളിക്കപ്പൂറം തെരുവ്
മറ്റൊന്നിന്‍ മുന്നില്‍ സുന്ദരമുദ്യാനം
ഒന്നു തുറന്നാല്‍ ആഡ്യമാം മാളിക
മറ്റൊന്നിനപ്പുറം ചെറ്റായ കുടിലുകള്‍
ജാലകങ്ങളെല്ലാം അടച്ചാല്‍ പിന്നൊരു
ശൂന്യമാം മതില്‍ക്കെട്ട് മാത്രം
ചുമരില്‍ വരയ്ക്കുവാനെന്തെന്തു ചിത്രങ്ങള്‍
ഏത് ജലകത്തിനപ്പുറ കാഴ്ചകള്‍
മുന്നിലെ ചുമരില്‍ ചേലായി വരക്കും ഞാന്‍ ?

2001

Poems and articles by Dr Haroon Ashraf ©

നിന്നോട്

എന്‍ ഹൃത്തിലെ സ്വപ്നത്തിന്‍
ചുരുള്‍ കടലാസ് നീയാര്‍ക്ക് നല്കി
എന്‍ ധമനിയിലെ ചുടുരക്തപ്രവാഹം
ആര്‍ക്കു പകര്ന്നു കൊടുത്തു നീ
ആര്‍ക്കായി നേദിച്ചൂ, നീയെന്‍ മനതാരില്‍
ആശയായി പൂത്ത പുഷ്പങ്ങളെ
ആരുടെ ദാഹം മാറ്റാന്‍ ചൊരിഞ്ഞു നീ
എന്‍ മനസിലെ മഴയുടെ തുള്ളികള്‍
എന്‍ സ്വപ്നവാടികളില്‍ വീശുന്ന കാറ്റിനെ
ആരുടെ പ്രാണവായുവാക്കി നീ
എന്റെ ആശകള്‍ മൃതമായി ഞാനും
ഇനിയെന്കിലും നീ ചൊല്ലുക
എന്‍ ഹൃത്തിടത്തില്‍ സ്ഫുടം ചെയ്തെടുത്തൊരു
ച്ചുരുള്കടലാസു നീയാര്‍ക്കു നല്കി

2000

Poems and articles by Dr Haroon Ashraf ©

നിള – എന്റെ തോഴി

നിള – സ്വപ്നങ്ങളിലൂടെയൊഴുകുന്ന നിള
ആയിരം സ്വപ്നങ്ങളില്‍ ജനിച്ചവള്‍
പിന്നെയോരായിരം സ്വപ്‌നങ്ങള്‍ ആയവള്‍
സ്വപ്നങ്ങളുടെ കാമുകി, നിള ( എന്റെയും )
കാലത്തിലലിഞ്ഞു ചേരുന്ന സ്വപ്‌നങ്ങള്‍
പിന്നെ നിള സ്വപ്നങ്ങളില്‍ മാത്രം ബാക്കിയാവുന്നു
കാക്കത്തൊള്ളായിരം സ്വപ്‌നങ്ങള്‍ – അതത്രേ നിള

ഗാനങ്ങളുടെ നദി – നിള
പാട്ടിലുണര്ന്നവള്, താളമായൊഴുകിയോള്,
പിന്നെയൊരു കവിതയില്‍ ഉറങ്ങിക്കിടന്നവള്‍
ഹര്ഷങ്ങളെല്ലാം ഭാരമായി മാറിയോ

നിള – മലയാളമണ്ണിന്റെ നാവുകളായവള്
അതുതന്നെ അവളുടെ ദുഖവും
കഥയായി, കവിതയായി,
ആറിന്‍ തണുപ്പ്പോയ് …

നിള – ഒരു സ്വപ്നസഞ്ചാരിണി
സലില സമൃദ്ധിയായി മഴയോടൊപ്പമെത്തുന്നവള്
അഴുക്കുകള്‍ കഴുകി ഒഴുകുന്നവള്‍
നിള – പ്രകൃതിയുടെ തോഴി ( എന്റെയും )

1998

Poems and articles by Dr Haroon Ashraf ©

ഒരു മേയ് മാസപ്പുലരിയുടെ പുഷ്പച്ചക്രത്തിനു

ഒരു വസന്തം കൂടി യാത്രയായി
മൃതിയുടെ കറുത്ത ഒരു വിമൂകവസന്തം
സൃഷ്ടി, മൃതികള്‍, കാലചക്രത്തിന്‍
പ്രവാഹം നിശ്ചലമാകുമ്പോഴും
സ്വപ്‌നങ്ങള്‍ അസ്തമിക്കാതെ രാവൊന്നു
പുത്തന്‍ പ്രഭാതത്തില്‍ മുങ്ങുമ്പോഴും
ഇലകള്‍ കൊഴിഞ്ഞോരായിരം മരാസ്ഥികള്‍
സ്വപ്‌നങ്ങള്‍ കാമിച്ചു കേഴുമ്പോളും
രാവും, പകലു,മൊരു ജഡാര്തിയുടെ
നാവുകള്‍ നീട്ടിയാര്‍ക്കുന്ന ശബ്ദങ്ങളും
പാടുന്ന കിളികള്‍ക്ക് പകരമായെന്നും
പുലരിയെ കൂവിവിളിക്കുന്ന യന്ത്രങ്ങളും
ഭൂമി, പ്രകൃതിയൊരു വികൃതിയായി മാറുന്ന
യാമങ്ങള്‍,…
മുണ്ഡിതശിരസ്കയാം ഭൂമിതന്‍ മാറില്‍
നഖങ്ങളിറക്കുന്ന കറുത്ത പൃദാകങ്ങള്
പിന്നൊരു മേയ് മാസപ്പുലരിയില്‍
തരിശുമുറ്റത്തൊരു പൂ വിരിഞ്ഞത് പോലെ
നാളെ പ്രഭാതത്തിലീമരുഭൂവിലൊരു
പുഷ്പവാടി ഉണര് ന്നെണീക്കുമോ?
മൃതിയിലീ ഭൂവിനൊരു പുഷ്പച്ചക്രമായി
വീണ്ടുമൊരു മേയ് മാസപ്പുലരിയുണ്ടാമോ?

1997

Poems and articles by Dr Haroon Ashraf ©

താണ്ഡവം

ഹേ നാലാംക്ലാസ്സുകാരീ,
പണി തീരാത്ത ഒരു വീട്ടില്‍,
ചാക്കില്‍ അടങ്ങിക്കിടക്കുക
അതാണു നിനക്കുള്ള ശിക്ഷ.
മനസ്സില്‍ നിഷ്കളങ്കത നിറച്ചതിനും,
ഉടലില്‍ ബാല്യസൗന്ദര്യം
നിലനിര്തിയതിനും…

നിന്റെ ഉടലിന്നു ശിക്ഷ എന്റെ താണ്ടാവമാണ്
എന്റെ നഗ്നമേനി കൊണ്ടു ഞാന്‍ നൃത്തമാടും
നീ ഒരു രംഗവേദി മാത്രമായി അടങ്ങിക്കിടക്കുക
അല്ലെങ്കില്‍ നിനക്കു വീണ്ടും ശിക്ഷയായി…

നിനക്കു ശിക്ഷ മരണം മാത്രമാണു
കാമം താണ്ടവമാടുമ്പോള്‍,
അല്‍പ്പം പോലും ശബ്ദിക്കാനാവാതെ,
നീ പിടയുക…
ശ്വാസ ഉച്ച്വാസങ്ങള്‍ അടക്കിപിടിക്കുക
ശ്വാസം മുട്ടി മരിക്കുക,
എന്തെന്നാല്‍ ഈ പാപത്തിന്റെ കാലത്തും
നൈര്‍മല്യം സൂക്ഷിക്കുന്നത് ഒരു തെറ്റാകുന്നു.

26-06-08

Poems and articles by Dr Haroon Ashraf ©

എന്റേതും നിന്റേതും

എനിക്കെഴുതാനുള്ളത് കണ്ണുനീരിന്റെ നൈര്‍മല്യം കൊണ്ടല്ല
കിനിഞ്ഞിറങ്ങുന്ന രക്തത്തിന്റെ കടുംചുവപ്പു കൊണ്ടാണു
കനത്ത മുഷ്ടികള്‍ എനിക്ക് സമ്മാനിക്കുന്നത് വേദനകളല്ല
ഒരിക്കലും ഒഴിയാത്ത ഊര്‍ജത്തിന്റെ ഗാണ്ടീവമാണ്
എന്റെ സ്വപ്നങ്ങളില്‍ നീയും നിന്റെ സൌന്ദര്യവുമല്ല
നിന്റെ കൈകളില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന അഗ്നിയാണ്
എനിക്ക് വേണ്ടത് സഹതാപവും സമാശ്വാസവുമല്ല
ഉയര്‍ത്തിപ്പിടിച്ച കരുത്തിന്റെയായിരം കരങ്ങളാണ്
മനുഷ്യനായി കരയുന്ന കണ്ണുകളല്ല ഞാന്‍ തേടുന്നത്‌
മനുഷ്യനേ കൈപിടിച്ചുയര്‍ത്താന്‍ ഉണരും ധൈരയമാണ്
അവന്റെ മുതുകത്ത് നിന്നും ഭാരം തൊഴിച്ച് എറിയാന്‍
ഉയരുന്ന ശക്തിയുടെ കാലുകലാണെന്റെ ആവശ്യം
പ്രണയത്തിന്റെ സുന്ദര നിറങ്ങളല്ല എന്നെ മുന്നോട്ട് നയിക്കുന്നത്
തൊലിയുടെ തവിട്ടും അതിനുള്ളിലെ രക്തത്തിന്റെ ചെമാപ്പുമാണ്

04-02-2001

Poems and articles by Dr Haroon Ashraf ©

പ്രണയത്തിന്റെ ഓര്‍മ്മകള്‍

മറന്നുപോയ വാക്കുകള്‍ക്കും
മറഞ്ഞുപോയ കനവുകള്‍ക്കും
മാഞ്ഞുപോയ ജീവിതത്തിന്റെ കൈവഴികള്‍ക്കും
നിന്റെ മനസ്സിലവശേഷിക്കാത്ത സ്മരണകള്‍ക്കും
എന്റെ ഹൃദയത്തില്‍ അവശേഷിക്കുന്ന
പ്രണയത്തിന്റെ കുറിപ്പുകള്‍
താങ്ങുകള്‍ മറയുമ്പോഴും
തണലുകള്‍ മായുംപോഴും
എന്റെ സ്വപ്‌നങ്ങള്‍ മാത്രം…

തീഷ്ണമായ വെയിലില്‍ കുതിര്‍ന്ന്‍
ഉറങ്ങാന്‍ മോഹിക്കുന്ന
എന്റെ സ്വപ്നങ്ങള്‍
എനിക്ക് മറക്കാനാവാത്ത
എനിക്ക് മറയ്ക്കാനാവാത്ത
സ്നേഹത്തിന്റെ അടയാളങ്ങള്‍
നിനക്കും, എനിക്കും,
പിന്നെ, ഓര്‍മകള്‍ക്കും വേണ്ടി
ഒരു പനിനീര്‍പ്പുവ് പോലെ
എന്റെ സ്വപ്നങ്ങള്‍

-Love at Time of Cholera.

Please read another one inspired by same novel –
Cholera & Love

Poems and articles by Dr Haroon Ashraf ©

ഓര്‍മകളുണ്ടായിരിക്കണം

ചവിട്ടിക്കയറിയ പടികള്‍ മറക്കാതിരിക്കാം
ചവിട്ടിത്തേച്ച മനസ്സുകളും
ഇന്നിന്റെ അപ്പങ്ങള്‍ വയറു നിറക്കുമ്പോള്‍
പിന്നിട്ട പട്ടിണി മറക്കാതിരിക്കാം
ഇന്നലെ ചായുവാന്‍ തോളുകള്‍ നല്കിയ
ചങ്ങാതിയേയും മറക്കാതിരിക്കാം
ക്ഷീണിച്ച്‌ നില്‍കുമ്പോള്‍ ആശ്വാസമേകിയ
വാക്കുകളെല്ലാം മറക്കാതിരിക്കാം
കാലിടറിവീഴുവാനായുന്ന നേരത്ത്
താങ്ങിയ കൈകള്‍ മറക്കാതിരിക്കാം
കണ്ണുനീര്‍ത്തുള്ളികള്‍ ചാലിട്ട് ഒഴുകുമ്പോള്‍
ഒപ്പിയ തൂവാല മറക്കാതിരിക്കാം
ഇരുട്ടില്‍ തടയുമ്പോള്‍ വിളക്ക് കൊളുത്തിയ
തീപ്പെട്ടിക്കൊള്ളിയെ മറക്കാതിരിക്കാം
വിയര്‍പ്പിറ്റ് വീഴുമ്പോള്‍ കുളിരായി തഴുകിയ
കാറ്റിനെപ്പോലും മറക്കാതിരിക്കാം
പിന്നെ പിറകിലായ്‌, താഴെയായ്
ആര്‍ത്തുവിളിച്ച്,
എടുത്തുയര്‍ത്തിയ കൂട്ടത്തെയും
നമുക്കു മറക്കാതിരിക്കാം.

08-09-06 (After a Sunday Duty)

Poems and articles by Dr Haroon Ashraf ©

നമ്മള്‍

സ്വപ്‌നങ്ങള്‍ക്ക് മീതെ
പ്രണയത്തിന്റെ കടുംചെമപ്പ്
കോറിവരച്ചതാരയിരുന്നു?
നീയോ, അതോ ഞാനോ?
വിഹ്വ ലതകള്‍ മാത്രമാവശേഷിപ്പിച്ച്
കടന്നുപോവുന്ന
ഭീതിയുടെ കാലത്തിനും മുന്‍പില്‍
മാപ്പുസാക്ഷിയായി മാത്രം ചരിത്രത്തിലിടം തേടുന്ന
നപുംസകംങള്‍ക്കുമിടയില്‍
ആദ്യ ചുംബനത്തിന്റെ രക്തരാശിയും
കന്യാ ചര്‍മത്തിന്റെ നീറ്റലും
നിവേദിച്ചതാരായിരുന്നു?
നഷ്ടപ്പെടുന്ന പ്രണയത്തിനും
കാമത്തിനും
പിന്നെ പണ്ടേ മറന്നു പോയ
സ്നേഹത്തിനും വേണ്ടി
മറക്കാനാവാത്ത കണ്ണീര്‍കൊണ്ട്
ചായം ചാലിച്ചതാരായിരുന്നു
നീയോ, അതോ ഞാനോ?
പിന്നെ കണ്ണുനീര്‍ വറ്റിയ കരിമിഴികളില്‍
വിഷാദം നിറച്ചും
കടലിന്റെ ആഴങ്ങളക്കാന്‍
തുനിഞ്ഞതും
കാണാതെ പോയ നിലാവിന്റെ
കുളിര് തേടിയലഞ്ഞതും
പിന്നെ വേനലിന്റെ ഉ‌ഷരതയില്‍
മറവിയുടെ മരുപ്പച്ചകള്‍ തീര്ത്തതും
ആരായിരുന്നു?
നീയോ, അതോ ഞാനോ?

22-09-06

Poems and articles by Dr Haroon Ashraf ©

നഷ്ടസ്വപ്‌നങ്ങള്‍

പറയാതെ പോയ പ്രണയത്തിന്റെ
ആദ്യാക്ഷരങ്ങള്‍ നിനക്കായി കുറിക്കട്ടെ
അറിയാതെ പോയ നിന്റെ
നിശ്വാസങ്ങള്‍ക്ക് വേണ്ടി
എന്റെ സ്നേഹം ചവിട്ടിത്തേച്ചു
കടന്നു പോയ കാലത്തിനും,
നിനക്കും,
പിന്നെ ഓര്‍മകളില്‍ അവശേഷിക്കാത്ത
നഷ്ടസ്വപ്നങ്ങള്‍ക്കും വേണ്ടി
എനിക്കവസാനമായി പറയാനുള്ളത്
ഈ ചീന്തുകടലാസ്സില്‍ ഞാന്‍ കുറിക്കട്ടെ
കാലം ബാക്കി വെക്കാത്ത മുറിപ്പാടുകള്‍ക്കും
മുകളില്‍,
അവശേഷിക്കുന്ന ബോധത്തിന്റെ
നേര്‍ത്ത തലങ്ങളില്‍
ഞാന്‍ പാടട്ടെ
എന്റെ പ്രണയവും, നീയും,
മാത്രമറിയുന്ന ഒരു ഗാനം
പറയാതെ പോയ പ്രണയത്തിന്റെ
ആദ്യാക്ഷരങ്ങള്‍ നിനക്കായി കുറിക്കട്ടെ
എന്റെ പകലുകള്‍ക്കും രാത്രികള്‍ക്കുമിടയില്‍
സ്നേഹത്തിന്റെ നേര്‍ത്ത മൂടുപടമായി
നീ മാത്രം ഓര്‍മകളില്‍ ശേഷിക്കെ
രാത്രിയുടെ ഈ അവസാനയാമത്തില്‍
എനിക്ക് പാടാനും പറയാനും
ബാക്കിയായി,
ഒരു പിടി സ്വപ്‌നങ്ങള്‍ മാത്രം
എന്റെ നഷ്ടസ്വപ്നങ്ങള്‍ക്ക് …
പറയാതെ പോയ പ്രണയത്തിന്റെ
ആദ്യാക്ഷരങ്ങള്‍ നിനക്കായി കുറിക്കട്ടെ

30/08/06 Collegeday 06

Poems and articles by Dr Haroon Ashraf ©