സതീശന്റെ പ്രണയകഥകള്‍..

ഇന്ന് നമുക്ക് ദില്ലിയിലെ മറ്റൊരു മലയാളി കഥാപാത്രത്തെ പരിചയപ്പെടാം…

നല്ല പൊക്കം.. (ഇത്തവണ പേര് മാറ്റിയത് സെന്റി പേടിച്ചല്ല, അടി പേടിച്ചാണ്… )
പുള്ളി ശാസ്ത്ര വിഷയത്തില്‍ +2 അദ്ധ്യാപഹയന്‍…, എന്നെപ്പോലെ സിവില്‍ സര്‍വ്വീസ് മോഹം മൂത്തപ്പോ ജോലി കളഞ്ഞു ദില്ലിക്ക് കയറിയതാ!
നല്ല വെളുത്തു സുന്ദരന്‍, അത്യാവശ്യം സംസാരിക്കാനുള്ള കഴിവ്, ആരോടും ഇടിച്ചു കേറി കമ്പനി ആവും, വളരെ ‘caring’ ആയ സ്വഭാവം…
പെണ്‍കുട്ടികള്‍ പുറകെ കൂടാന്‍ ഇത്രയും പോരെ???

അത്യാവശ്യം കാണാന്‍ കൊള്ളാവുന്ന പെണ്‍്പിള്ളേര്‍ ഇദ്ദേഹത്തിന്റെ ഒരു വീക്നെസ് ആണെന്ന് അസൂയാലുക്കള്‍ പറയുന്നുണ്ട്…
എന്തൊക്കെയായാലും നല്ല മുടിയുള്ള പെണ്‍കുട്ടികളെ കണ്ടാല്‍ ഇദ്ദേഹം ഒരു 5 മിനിട്ട് നോക്കി നില്‍ക്കും.
പക്ഷെ കാര്യം വരുമ്പോ ഇദ്ദേഹം ശുദ്ധനാണ്‍്ട്ടൊ… ഒരല്‍പം പഞ്ചാര, കമ്പനി, ഇതിലപ്പുറം ഒന്നിനും ഇദ്ദേഹത്തെ കിട്ടില്ല… ഇതിനപ്പുറത്തെക്കു കടക്കുന്നു എന്ന് തോന്നിയാല്‍ നൈസായി മുങ്ങും..

ഒരിക്കല്‍ ഒരു മറാത്തിക്കുട്ടി ഇദ്ദേഹത്തിന്റെ പിറകെ കൂടിയതാ…
ഒരു 4 മണിക്കൂറ് ക്ലാസ്സ്‌ യദാര്‍ത്ഥ ജീവിതത്തെക്കുറിച്ചു ക്ലാസ്സ്‌ എടുതുകൊടുത്തിട്ട ഇദ്ദേഹം തല ഊരിയത്…(ആ കഥ പിന്നൊരിക്കല്…)
നമ്മുടെ സതീശന്‍ ഒരിക്കല്‍ എന്റെകൂടെ മെട്രോയില്‍ യാത്ര ചെയ്യുകയായിരുന്നു. എവിടുന്നോ ഒരു പെണ്‍കുട്ടി മെട്രോയില്‍ കയറി. നല്ല മുടിയൊക്കെ ഉണ്ട്. മുടി പണ്ടേ സതീശന്റെ വീക്നെസ് ആണല്ലോ…
പെണ്കുട്ടിയാണേല്‍ നല്ല ജീന്‍സ് ടോപ്‌ ഒക്കെ ഇട്ടു നല്ല മോഡേണ്‍ കൊച്ച്…
സതീശന്‍ മുടിയെപ്പറ്റി വാചാലനാവാന്‍ തുടങ്ങി. പാവം ഞാന്‍ സഹിക്കാന്‍ നിര്‍ബന്ധിതനും. ഉറങ്ങിക്കിടന്ന എന്നെ ഷോപ്പിംഗ്‌ കമ്പനി എന്ന് പറഞ്ഞു കൂട്ടിക്കൊണ്ടുവന്ന നീ ഇതൊക്കെ സഹിച്ചേ തീരു എന്ന മട്ട്…
അങ്ങനെ കുറച്ചു നേരം ആയി, പെണ്‍കുട്ടി ഇടയ്ക്കിടയ്ക്ക് ഇതാരാണപ്പാ അറിയാത്ത ഭാഷയില്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ടൈരിക്കുന്നതു എന്ന ഭാവത്തില്‍ തിരിഞ്ഞു നോക്കുന്നുമുണ്ട്.

രാജീവ്‌ ചൌക്ക് സ്റ്റേഷന്‍ എത്തി. ഇറങ്ങാനായപ്പോ പെങ്കൊച്ചു നേരെ സതീശന്റെ അടുത്ത് വന്നിട്ട് ഒരു ഡയലോഗ്… “എന്റെ മുടിയേ, അമ്മുമ്മ നല്ല കാച്ചിയ എണ്ണയിട്ടു ഉണ്ടാക്കിയതാ, ചേട്ടന്റെ ഭാര്യക്ക്‌ വേണേല്‍ എന്റെ അമ്മുമ്മയെ പരിചയപ്പെടുത്തി തരാം…” (നല്ല പച്ച മലയാളം)

എപ്പടി???

Poems and articles by Dr Haroon Ashraf ©

3 comments / Add your comment below

Leave a Reply