സച്ചിയേട്ടന്റെ ടിവി

സച്ചിയേട്ടന്‍ (സച്ചിദാനന്ദന്‍ ) ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ ആണ്. കുടുംബസമേതം ഞങ്ങളുടെ അയല്‍വാസി. ഭാര്യയും, സ്കൂളില്‍ പഠിക്കുന്ന രണ്ടു മക്കളും ആയി സ്വന്തമായി വീട് വാങ്ങി താമസിക്കുന്നു.
എന്ത് കാര്യത്തിലും സച്ചിയേട്ടന്‍  വളരെ ശക്തമായ അഭിപ്രായങ്ങള്‍ ഉണ്ടാവും. വാദിക്കാന്‍ പോയാല്‍ ഞാന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പ് എന്ന രീതിയില്‍ നമ്മളെ നിഷ്പ്രഭമാക്കുന്ന വാഗ്ധോരണി. കഴിയുന്നതും ഞങ്ങള്‍  രാഷ്ട്രീയം, സാമൂഹികം, സമകാലീനം ആയ സംഭവങ്ങള്‍ സച്ചിയേട്ടനുമായി ചര്‍ച്ച ചെയ്യാതിരിക്കാന്‍ ശ്രദ്ധിച്ചു പോന്നു.
മുംബയില്‍  തീവ്രവാദി ആക്രമണം നടന്ന സമയം. രാവിലെ പത്തരയോടെ ക്ളാസ്‌ കഴിഞ്ഞു വന്ന എന്നോട് റഷീദു ഭായി ആണ് പറഞ്ഞത് മുംബൈ ആക്രമണ വിവരം. കമാന്റോകളെ, അവര്‍ ഹെലികോപ്ടറില്‍ തൂങ്ങി ഇറങ്ങുന്നത്, ഒക്കെ ടിവിയില്‍ ലൈവ് ആയി കാണിക്കുന്നുണ്ട് എന്നും കേട്ടു.  പേപ്പറിലെ വാര്‍ത്ത വായിച്ചെങ്കിലും പോര!!!
ടിവി കാണണം, ടിവി കാണണം, എന്ന ചിന്ത കലശലായി. വിദ്യാര്‍ഥികള്‍ ആയ ഞങ്ങള്‍ക്ക് എവിടുന്നാ ടിവി. ഞാന്‍ ഒരു ഐഡിയ ഇട്ടു. സച്ചിയെട്ടന്റെ വീട്!!!

‘അല്ല മൂപര്‍ക്ക് ഇഷ്ടാവോ?’ എന്ന് ആശങ്ക റഷീദു ഭായി വക. ഇയ്യതൊന്നും നോക്കണ്ടാ എന്ന് ഞാനും. അങ്ങനെ ഞങ്ങള്‍ സച്ചിയേട്ടന്റെ വീട്ടിലേക്ക്.

അവിടെ എത്തിയപ്പോള്‍ എന്തോ പന്തികേട്‌. എന്തോ പോയ എന്തോ പോലെയിരിക്കുന്ന സച്ചിയേട്ടന്‍, എങ്കിലും ഞങ്ങളെ കണ്ടപ്പോ പതിവ് പോലെ സ്വീകരിച്ചു. ഞാന്‍ കാര്യം അവതരിപ്പിച്ചു.

സച്ചിയേട്ടന്റെ മുഖം മാറി. ടിവി കേടായി മക്കളെ, ഇന്ന് രാവിലെ. ഓഹോ അപ്പൊ അതാണ്‌ കുരങ്ങന്‍ ചത്ത കാക്കാലന്‍ സ്റ്റൈല്‍ ഇരിപ്പ്. എന്താണാവോ സംഭവിച്ചത്!!!

സച്ചിയേട്ടന്റെ വിവരണം. പിള്ളര്‍ സ്കൂളില്‍ നിന്നും ഉച്ചക്ക് എത്തും. ഞങ്ങള്‍ രണ്ടാളും ജോലി കഴിഞ്ഞു വരുമ്പോ വൈകുന്നേരമാകും. പിള്ളേര്‍ മുഴുവന്‍ സമയം ടിവി കണ്ടിരുന്നു സമയം കളയേണ്ട എന്ന് കരുതി ഞാന്‍ ടിവി അഴിച്ചു പിച്ചര്‍ ടുബിന്റെ പ്ളഗ് ഊരി ഇടും. മുംബയില്‍ ആക്രമണം പേപ്പറില്‍ കണ്ടു ആവേശത്തില്‍  ഞാന്‍  അത് കുത്തിയതാ പിച്ചര്‍ ടൂബിന്റെ ഒരു കഷ്ണം പോട്ടിപ്പോന്നു.

ഏയ്‌ പിച്ചര്‍ ട്യൂബ് കേടായിട്ടൊന്നും ഉണ്ടാവില്ല, ഞാന്‍ പോളി ടെക്നിക്കിലോക്കെ പഠിച്ചതാ, പിച്ചര്‍ ട്യൂബ് കേടായാല്‍, നിറം മാറും എന്ന്  കൂട്ടിച്ചേര്‍ക്കല്‍ . പൊട്ടിയ എയര്‍ സീലിംഗ് കാണിച്ചു തന്നപ്പോളെ എനിക്ക് മനസ്സിലായി, ടിവി പോയി. പക്ഷെ വെറും ഒരു വൈദ്യ ബിരുദം മാത്രമുള്ള ഞാന്‍ ഈ പോളിടെക്നിക്കുകാരോടെ മത്സരിച്ചിട്ട് കാര്യമില്ല. മൌനം ഭൂഷണം…

വാല്‍ക്കഷ്ണം: ടിവി കേടായി എന്ന് ഉറപ്പായ ദിവസം സച്ചിയേട്ടന്റെ ഭാര്യ വളരെ സന്തോഷവതിയായിരുന്നു.  ചോദിച്ചപ്പോള്‍ പറഞ്ഞു അങ്ങനെയെങ്കിലും ആ പഴയ ടിവി മാറ്റി ഒരു പ്ലാസ്മ ടിവി വാങ്ങിക്കാമല്ലോ…

പോളിടെക്നിക്ക് ഐഡിയക്ക്  കടപ്പാട് :   തലയണമന്ത്രം സിനിമ.

Poems and articles by Dr Haroon Ashraf ©

2 comments / Add your comment below

Leave a Reply