വര്‍ഗീയതക്കെതിരെ ‘മുസ്ലിം’ ലീഗ്…

എന്ത് കൊണ്ട് മുസ്ലിം ലീഗ് മതേതരമാണ് എന്ന് വാദിച്ചു പലരും ഇന്‍ബോക്സില്‍ വന്നപ്പോളാണ് ഒരു രാവിലെ തമാശക്ക് ഇട്ട പോസ്റ്റിന്റെ ഗൌരവം എനിക്ക് തന്നെ മനസ്സിലായത്‌. അത് കൊണ്ട് തന്നെ വിഷയത്തെപറ്റി കൂടുതല്‍ എഴുതേണ്ടത് ആവശ്യമാണ് എന്ന് തോന്നി.

നമ്മുടെ വിഷയം വര്‍ഗീയത ആണല്ലോ. ആദ്യമായി എന്താണ് വര്‍ഗീയത എന്ന് നോക്കാം.

സ്വസമൂഹത്തെ മാത്രം കേന്ദ്രീകരിച്ചുള്ള ഒരു രാഷ്ട്രീയ സംഘടനാ രീതി, അഥവാ വിശാലമായ സമൂഹത്തെക്കാള്‍ ഉപരി സ്വന്തം വംശീയ സമൂഹത്തോടുള്ള അഭിവാഞ്ജ എന്നാണു നിഘണ്ടു നല്‍കുന്ന അര്‍ത്ഥം. 

“Indian Union Muslim League is the largest forum for the Muslims to achieve their rights through democratic means” എന്നാണ് ഒഫീഷ്യല്‍ വെബ്സൈറ്റ് പറയുന്നത്. പുട്ടിനു തേങ്ങ ഇടുന്നത് പോലെ ഇടയ്ക്കിടയ്ക്ക് സെക്കുലറിസം എന്ന വാക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും ഉള്ളിന്റെ ഉള്ളില്‍ ഉള്ളത് തനിയെ പുറത്തു വരുന്നത് ഇങ്ങനെ ആണ്. മുസ്ലിങ്ങള്‍ക്കും ഇതര പിന്നോക്കവിഭാഗക്കാര്‍ക്കും വേണ്ടിയുള്ള പാര്‍ട്ടി എന്നും ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ട്. എല്ലാ പിന്നോക്കവിഭാഗക്കാര്‍ക്കും വേണ്ടിയുള്ള പാര്‍ട്ടിയാണെങ്കില്‍ ‘പിന്നോക്കവിഭാഗ ലീഗ് എന്ന് പേരിട്ടാല്‍ പോരെ, മുസ്ലിം ലീഗ് എന്ന് എന്തിനാണ് പേരിടുന്നത്? മുസ്ലിങ്ങള്‍ക്കും ഇതര പിന്നോക്കവിഭാഗക്കാര്‍ക്കും എന്ന് ഓരോ തവണയും എടുത്തു പറയുന്നത് എന്ത് കൊണ്ടാണ്? ഇതരപിന്നോക്കവിഭാഗത്തില്‍ (ഒ ബി സി ) മുസ്ലിങ്ങള്‍ ഉള്‍പ്പെടുമോ എന്ന് സംശയം ഉള്ളതുകൊണ്ടാണോ?

ചുരുക്കി പറഞ്ഞാല്‍ മുസ്ലിങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഒരു രാഷ്ട്രീയപാര്‍ട്ടി തന്നെയാണ് മുസ്ലിം ലീഗ്. മുസ്ലിം സമൂഹത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ സംഘടനാ രീതി, അഥവാ വിശാലമായ സമൂഹത്തെക്കാള്‍ ഉപരി മുസ്ലിം സമൂഹത്തോടു അഭിവാഞ്ജ ഉള്ള രാഷ്ട്രീയ സംഘടന എന്ന നിലക്ക് ലീഗ് തീര്‍ച്ചയായും വര്‍ഗീയ രാഷ്ട്രീയ പാര്‍ട്ടി തന്നെയാണ്.

മതവും വര്‍ഗീയതയും രണ്ടാണെന്നും അതുകൊണ്ട് ലീഗ് വര്‍ഗീയ പാര്‍ട്ടി അല്ല മതാഭിമുഖ്യമുള്ള മതേതര പാര്‍ട്ടി മാത്രമാണ് എന്നും പറയുന്നവര്‍ക്ക് നല്ല നമസ്കാരം.

മതം വ്യക്തിപരമാണ്. നിങ്ങള്‍ ഒരു മതത്തില്‍ വിശ്വസിക്കുന്നത് കൊണ്ട് വര്‍ഗീയവാദി ആവണം എന്നില്ല. പക്ഷെ, മതത്തെ രാഷ്ട്രീയ ലാഭത്തിനും അധികാരലബ്ധിക്കും ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ വര്‍ഗീയവാദി ആകുന്നു. അതാണ്‌ സത്യം. ഇനി നാളെ പിണറായി സഖാവ് മറുത്തു പറഞ്ഞാലും, ഇ എം എസ്സ് ഉയിര്‍ത്തെഴുന്നേറ്റു വന്നു മറുത്തു പറഞ്ഞാലും ലീഗ് വര്‍ഗീയപാര്‍ത്ടി തന്നെയായി തുടരുകയും ചെയ്യും. ലീഗ് – സി പി എം സഖ്യമൊക്കെ അടവുനയമായിരിക്കും എന്ന് വിശ്വസിക്കാനെ എനിക്ക് കഴിയൂ, അല്ലാതെ ലീഗ് വര്‍ഗീയപാര്‍ട്ടി അല്ലാത്തത് കൊണ്ടാണ് പണ്ട് സഖ്യം ഉണ്ടായത് എന്നൊക്കെ പറഞ്ഞാല്‍, സാമാന്യ ബുദ്ധിക്കു നിരക്കുന്ന ന്യായീകരണം അല്ല.

Leave a Reply