വനിതാമതിലും നവോത്ഥാനവും

വനിതമതിൽ നവോത്ഥാനം കൊണ്ടുവരുമോ എന്ന ചോദ്യത്തിന് ഇല്ല എന്ന് തന്നെയാണ് ഉത്തരം. നവോത്ഥാനം ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് ഉണ്ടാവുന്ന ഒന്നല്ല, അത് സമൂഹ മനസ്സിൽ സംഭവിക്കുന്ന പരിവർത്തനം ആണ്. കൂടുതൽ കൂടുതൽ ആളുകൾ വ്യക്തി സ്വാതന്ത്ര്യത്തെ പറ്റി മനസ്സിലാക്കി തുടങ്ങുമ്പോൾ, കൂടുതൽ കൂടുതൽ ആളുകൾ മറ്റുള്ളവരുടെ സ്വാതന്ത്ര്യം ലംഘിക്കാതെ ഇരിക്കാൻ ശ്രമിക്കുമ്പോൾ നവോത്ഥാനം സംഭവിക്കുന്നു.

എന്നാൽ നവോത്ഥാനം ഒരു തുടർപക്രിയ കൂടെ ആണ്. അത് ഒരു നിമിഷം സംഭവിച്ചു കഴിഞ്ഞ് പോകുന്ന ഒന്നല്ല. മാറ്റങ്ങളുടെ ഒരു ഒഴുക്ക് ആണ് നവോത്ഥാനം. അത് അനുസൃതം തുടർന്ന് കൊണ്ടേയിരിക്കും. ചില സമയത്ത് പെട്ടെന്ന് ചില സാമൂഹിക മാറ്റങ്ങൾ അത്യാവശ്യമായി വരും. അപ്പോഴാണ് ചില നേതാക്കൾ വിപ്ലവകരമായ ചില മാറ്റങ്ങൾക്ക് വേണ്ടി പ്രതിലോമ നിലപാട് സ്വീകരിക്കുന്ന സമൂഹശക്തികൾക്ക്‌ എതിരേ ശബ്ദം ഉയർത്തുകയും പെട്ടെന്നുള്ള ചില മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്യുന്നത്.

ഇത്രയൊക്കെ പറഞ്ഞത് എന്താണ് എന്ന് വെച്ചാൽ പലപ്പോളും നമ്മൾ നവോത്ഥാനത്തിന്റെ അടയാളമായി പല സംഭവങ്ങളും പറയാറുണ്ടെങ്കിലും, അവ നവോത്ഥാന പാതയിലെ നാഴികക്കല്ലുകൾ മാത്രം ആണ് എന്ന് സൂചിപ്പിക്കാൻ ആണ്. ഇത്തരം മാറ്റങ്ങൾ പെട്ടെന്ന് ഉണ്ടാവുന്നത് പിന്തിരിപ്പൻ ശക്തികളുടെയും പുരോഗമന ശക്തികളുടെയും വടംവലി സമൂഹത്തിന് താങ്ങാൻ ആവാത്ത നിലയിൽ എത്തുമ്പോൾ ആണ്. സമൂഹത്തിന്റെ സ്വാതന്ത്ര്യ ചിന്ത പ്രതിലോമ ശക്തികളുടെ അടിച്ചമർത്തലിനെ സഹിച്ചു സഹിച്ചു ഉണ്ടാവുന്ന സമ്മർദ്ദം നിയന്ത്രണത്തിന് അതീതമാവുകയും, സമൂഹത്തിൽ ഒരു പൊട്ടിത്തെറി ഉണ്ടാവുകയും ചെയ്യും.

രാജാറാം മോഹൻ റോയിയുടെ ശ്രമഫലമായി ബെന്റിക് സതി നിരോധിച്ചത്, കേരളത്തിൽ ക്ഷേത്രപ്രവേശനം, ഈഴവശിവന്റെ പ്രതിഷ്ഠ ഒക്കെ ഇങ്ങനെയുള്ള പൊട്ടിത്തെറികൾ ആയിരുന്നു. വനിതാമതിൽ അതുപോലെ ഒരു പൊട്ടിത്തെറി ആണ് എന്ന് അവകാശവാദം ഉന്നയിക്കാൻ പോലും കഴിയുന്ന ഒന്നല്ല. പിന്നെ എന്താണ് വനിതാമത്തിൽ എന്ന് ചോദിച്ചാൽ, അതൊരു പ്രതിരോധം ആണ്. ദൈവത്തിന്റെ പേരിൽ ഇൗ നാട്ടിലെ ജനങ്ങളുടെ മുഴുവൻ സ്വൈര്യസഞ്ചാരം തടസ്സപ്പെടുത്താൻ ഇറങ്ങിപുറപ്പെടുന്ന ചിലർക്കുള്ള ഒരു മുന്നറിയിപ്പാണ്. സ്ത്രീ സമത്വം എന്ന ആശയം ഉയർത്തിപ്പിടിക്കുന്ന കുറച്ചു പേരെങ്കിലും ഇൗ നാട്ടിൽ ജീവിച്ചിരിപ്പുണ്ട് എന്നും, അവർ അവരുടെ ആശയങ്ങൾക്ക് വേണ്ടി പൊരുതുക തന്നെ ചെയ്യും എന്ന ഒരു വിളംബരം മാത്രമാണ്. അതിനേക്കാൾ ഒക്കെ ഉപരി, ഇന്നും അന്തപുരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന, തങ്ങൾ തടങ്കലിൽ ആണ് എന്ന് തിരിച്ചറിയുക പോലും ചെയ്യാത്ത ‘അന്തർജനങ്ങൾക്ക് ‘ അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് വരാനുള്ള, ഒരു അവസരം കൂടിയാണ്. അതിലപ്പുറം ഒന്നും തന്നെയില്ല ഇൗ വനിതാമതിലിൽ. അനുസൃതം തുടരുന്ന നവോത്ഥാനത്തിന്റെ ഒരു ചെറിയ കണ്ണി മാത്രം.

ചില ജാതി സംഘടനകൾ ഇതിൽ പങ്കെടുക്കുന്നത് കൊണ്ട് ഇത് ജാതി മതിൽ ആവും എന്ന് ചിന്തിക്കുന്നവർ മൂഡസ്വർഗത്തിൽ ആണ് ജീവിക്കുന്നത്. ഒരു ജാതിക്കാർ മാത്രം പങ്കെടുക്കുന്നത് ആണെങ്കിൽ മാത്രമേ ജാതി അടിസ്ഥാനത്തിൽ ഇതിനെ കാണാൻ പറ്റൂ. വ്യതസ്ത ജാതി സംഘടനകൾ പങ്കെടുക്കുമ്പോൾ അത് ജാതിമതിൽ അല്ല, ജാത്യാതീത മതിൽ ആണ് ആവുന്നത്. അതിൽ പങ്കെടുക്കാതെ മാറി നിൽക്കുന്ന ഏതെങ്കിലും ജാതിക്കാർ ഉണ്ടെങ്കിൽ അവരാണ്, ജാതീയതയുടെ ചൂട്ട്‌ കത്തിച്ച് സൂര്യന്റെ വെളിച്ചം ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.

പിന്നെ അടുത്ത പരിഹാസം വെള്ളാപ്പള്ളി നടേശൻ ഒക്കെയാണ് കമ്യൂണിസ്റ്റുകാരുടെ ഇപ്പോളത്തെ നവോത്ഥാന നായകർ എന്നാണ്. വെള്ളാപ്പള്ളി നടേശനെ പോലെ സൗകര്യപൂർവം എത് വള്ളത്തിലും കാലു വയ്ക്കുന്ന സമൂഹ രാഷ്ട്രീയ കച്ചവടക്കാരുടെ സ്ഥാപിത താൽപ്പര്യങ്ങൾ ഒന്നും തിരിച്ചറിയാൻ കഴിവില്ലാത്തവൻ ആണ് പിണറായി വിജയൻ എന്ന തന്ത്രശാലിയായ നേതാവ് എന്ന് ചിന്തിക്കുന്നവർ പടുവിഡ്ഡികൾ അല്ലെങ്കിൽ പിന്നെ എന്താണ്?

കേരളത്തിലെ നവോത്ഥാന കാലഘട്ടത്തിൽ, അതിന് നേതൃത്വം കൊടുത്ത സംഘടനകളെ, അവയുടെ ഇന്നത്തെ നേതാക്കളെ ക്ഷണിച്ചപ്പോൾ വന്ന എല്ലാ നേതാക്കളെയും സ്വീകരിച്ചു ആശയങ്ങൾ സ്വീകരിക്കുക എന്നതാണ് കരണീയം, അല്ലാതെ മാനനീകരണങ്ങളുടെ മതിലുകൾ കെട്ടി ചിലരെ ഒഴിവാക്കുക എന്നതല്ല ഒരു ഭരണാധികാരി ചെയ്യേണ്ടത്. പ്രത്യേകിച്ചും ഇരുട്ടിന്റെ ശക്തികൾ ഒന്നായി എതിർക്കുന്ന കെട്ട കാലങ്ങളിൽ. അത് കൊണ്ട് തന്നെയാണ് ശത്രുപക്ഷത്ത് നിൽക്കേണ്ട ചിലരെ സ്വപക്ഷത്ത് നിർത്തുന്ന പിണറായിയുടെ തന്ത്രജ്ഞത.

മനുഷ്യൻ ചൊവ്വയിൽ പോകുന്നതിനെ കുറിച്ചു ചിന്തിക്കുന്ന ഇൗ കാലത്തിലും നൂറ്റാണ്ടുകൾക്ക് മുൻപുള്ള ചൊവ്വാദോഷവും മറ്റ് അന്ധവിശ്വാസങ്ങളും മനുഷ്യജീവിതത്തിന്റെ ഗതി തീരുമാനിക്കണം എന്ന് വാശി പിടിക്കുന്ന,
മനുഷ്യനെ ശിക്ഷിച്ചും ദൈവത്തെ സംരക്ഷിക്കാൻ വെമ്പുന്ന കാട്ടുകൂട്ടങ്ങളുടെ ഇരുട്ടിന്റെ മറയിലേക്ക്‌ വെളിച്ചം തന്നെയാണ് ഇൗ മതിൽ. കൈകൾ ചേർത്ത് പിടിച്ച് മനുഷ്യർ ഒന്നാകുന്ന ഒരു വൻ പാലം തന്നെയാണ് ഇൗ മതിൽ.

Leave a Reply