വക്കീൽ സാബ്

വളരെ പണ്ട് ഒരു വക്കീൽ ഉണ്ടായിരുന്നു. വളരെ എന്നു പറഞ്ഞാൽ, അത്ര മുന്പൊന്നും അല്ല, ഒരു 20 -25 കൊല്ലം മുമ്പ്. ഞാൻ സ്‌കൂൾ വിദ്യാര്ഥിയായിരിക്കുമ്പോൾ. ഉണ്ടായിരുന്നു എന്നല്ല, അദ്ദേഹം ഇപ്പോഴും ഉണ്ട്. അദ്ദേഹം അന്ന് ഉണ്ടായിരുന്നു എന്നതിനേക്കാൾ അദ്ദേഹത്തിനോട് എനിക്ക് അന്ന് ഒരു പാട് ബഹുമാനം ഉണ്ടായിരുന്നു എന്നാണ് ഞാൻ പറയേണ്ടിയിരുന്നത്. ബഹുമാനം എന്നു പറഞ്ഞാൽ വെറും ബഹുമാനം മാത്രമല്ല, ഒരു തരം വീരാരാധന. 

എന്റെ ഉറ്റ സുഹൃത്തിന്റെ അമ്മാവനാണ് കക്ഷി. അമ്മാവന്റെ വീരകഥകൾ കേൾക്കാതെ 30 ദിവസം തുടർച്ചയായി കടന്നു പോവുക അസംഭവ്യം ആണ്. തന്റെ വീട്ടിലേക്കുള്ള വഴി അടച്ചുകെട്ടിയ അയൽവാസിയുടെ വേലി രാത്രി പൊളിച്ചു മാറ്റുകയും, അതി രാവിലെ തന്നെ കോടതിയിൽ പോയി അതിർത്തിതർക്കം പറഞ്ഞു സ്റ്റേ വാങ്ങുകയും ചെയ്ത വക്കീൽ. കേസ് കഴിയുന്ന വരെ വേലി പൊളിഞ്ഞു തന്നെ കിടക്കും. പാവം അയൽവാസി. അയൽവാസിയുടെ പ്ലാവ് വെട്ടി കിണറ്റിൽ ഇട്ടിട്ട് അയാൾ അറിയുന്നതിനു മുൻപേ സ്റ്റേ വാങ്ങിയ വക്കീൽ… അങ്ങനെ അങ്ങനെ ഒരു പാട്…

നമ്മുടെ ഡാഡിയും വക്കീലാണെ. ഒരു സാഹസിക കൃത്യവും ചെയ്യാത്ത ബോറൻ വക്കീൽ. ചിലപ്പോൾ ഒക്കെ നമ്മുടെ വീട്ടിൽ ഉള്ള വക്കീൽ ഇത്തരം വീരകൃത്യങ്ങൾ ഒന്നും ചെയ്യാത്തതിൽ അത്ഭുതവും, കുറച്ചു അരിശവും തോന്നിയിരുന്നു.

ഇപ്പോൾ ഈ വക്കീലിനെ പറ്റി ഏഴുതാൻ എന്താണ് കാരണം എന്ന് പറയാം. ഇന്ന് അദ്ദേഹം കറ കളഞ്ഞ ഒരു ആർ എസ് എസ് അനുഭാവി ആണ്. സാമൂഹിക മാധ്യമങ്ങളിലെ അദ്ദേഹത്തിന്റെ പോസ്റ്റുകൾ ആണ് ഈ കുറിപ്പിന് കാരണം ആയത്.

കള്ളനോട്ട് കേസിൽ ഒരു യുവമോർച്ച പ്രവർത്തകൻ അറസ്റ്റിലായ വാർത്തക്ക് അദ്ദേഹത്തിന്റെ മറുപടി പണ്ടെങ്ങോ ഒരു സിപിഎം പ്രവർത്തകൻ സമാന സംഭവത്തിൽ അറസ്റ്റിലായതിന്റെ പത്രവാർത്ത, മറ്റാരിൽ നിന്നോ ഷെയർ ചെയ്തതാണ്.

മറ്റൊരു തമാശ, ഇല്ലാത്ത ബീഫ് നിരോധനത്തിനെതിരെ പ്രതിഷേധിക്കുന്ന കമ്മ്യുണിസ്റ്റുകൾക്കുള്ള ട്രോൾ ആണ്. നിയമം അറിയാവുന്ന വക്കീലിനോട്, ഞാൻ എന്തിന് ഇന്ത്യൻ ഭരണഘടനയിലെ ഏഴാം അനുഛേദത്തെ കുറിച്ചും അധികാരവിഭജനത്തെ കുറിച്ചും എന്തു പറയാൻ. അദ്ദേഹത്തിന്റെ മറ്റൊരു ന്യായം ക്യൂബയിൽ കന്നുകാലി വധം നിരോധിച്ചിട്ടുണ്ട് എന്നതാണ്. ജനാധിപത്യ രാഷ്ട്രത്തിന് ഉത്തമ മാതൃക. അതിനു അവിടെ  തക്കതായ കാരണം എന്തെങ്കിലും ഉണ്ടോ ഇല്ലയോ എന്നതും അദ്ദേഹത്തിന് വിഷയം അല്ല.

എന്നാൽ ഈ കുറിപ്പിന് കാരണമായത് ഇതൊന്നുമല്ല. ഈയടുത്ത് കൊച്ചി മെട്രോ ഉൽഘാടന യാത്രയിലെ കുമ്മനത്തിന്റെ സാനിധ്യം ആണ്. ഇന്ത്യൻ പ്രധാനമന്ത്രിയെ അദ്ദേഹം ബി ജെ പിയുടെ പ്രധാനമന്ത്രി എന്നും, കേരള ഗവർണറെ ബിജെപിയുടെ ഗവർണർ എന്നും, കുമ്മനത്തിനെ ബിജെപി സംസ്ഥാന പ്രസിഡന്റ് എന്നും അടയാളപ്പെടുത്തി. ഇതിനിടയിൽ കേരള മുഖ്യമന്ത്രിയെ ആർക്കും വേണ്ടാത്ത മുഖ്യമന്ത്രി എന്നും അടയാളപ്പെടുത്തി. 

ചോദ്യം ഒന്ന്: തിരഞ്ഞെടുക്കപ്പെട്ട അധിക്കാരസ്ഥാനങ്ങളിൽ ഇരിക്കുന്ന ആളുകൾ അവരുടെ പാർട്ടിയെ മാത്രം ആണോ പ്രതിനിധീകരിക്കുന്നത്? ഭരണഘടനാ പദവികൾക്ക് രാഷ്ട്രീയം ഉണ്ടോ? സത്യത്തിൽ ആ യാത്രയിൽ ഉണ്ടായിരുന്നത് ഇന്ത്യൻ പ്രധാനമന്ത്രിയും, കേരള ഗവർണറും കേരള മുഖ്യമന്ത്രിയും അല്ലെ? കൂടെ ആർക്കും വേണ്ടാത്ത കുമ്മനവും…

ഉളുപ്പില്ലാതെ വലിഞ്ഞു കയറിയതല്ലേ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ഉത്തരം ഒരു മറുചോദ്യം ആയിരുന്നു. സി പി എം പോലീസ് എവിടെയായിരുന്നു എന്ന്.

ഇവിടെ ആണ് അടുത്ത ചോദ്യം: ബ്യുറോക്രസിക്ക് രാഷ്ട്രീയം ഉണ്ടോ? പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ സുരക്ഷാചുമതല എസ് പി ജിക്ക് ആണ് എന്ന് ഒരു വക്കീലിന് അറിയാതെ വരുമോ?

സത്യത്തിൽ ഈ വ്യക്തി ഒരു ഉദാഹരണം ആണ്. തീവ്രവാദത്തിലേക്ക് ആകൃഷ്ടരാവുന്ന യുവാക്കൾ അഭ്യസ്ത വിദ്യരാണല്ലോ എന്ന ചോദ്യത്തിന് ഉത്തരവും ആണ്. ഇസ്‌ലാമിക് സ്റ്റേറ്റ് ആകർഷിക്കുന്ന ആളുകളും, ആർ എസ് എസ് പോലെയുള്ള തീവ്രസ്വഭാവമുള്ള വലതുപക്ഷ സംഘടനകൾ ആകർഷിക്കുന്ന ആളുകളും ബുദ്ധിമാന്മാർ തന്നെയാണ്. എന്നാൽ മസ്തിഷ്കപ്രഷാളനത്തിന്റെ ഏതോ ഘട്ടത്തിൽ അവർ ഉദാത്തം എന്നു വിശ്വസിക്കുന്ന ഒന്നിന് വേണ്ടി തലച്ചോർ പണയം വെക്കുന്നു. പിന്നെ അവരുടെ വിദ്യാഭ്യാസവും ചിന്താശേഷിയും നിയന്ത്രിക്കുന്നത് അവരുടെ പ്രത്യയശാസ്ത്രം മാത്രമാണ്.

ഇത് ഒറ്റപ്പെട്ട ഒരു ഉദാഹരണം അല്ല. നാളെ ഞാനോ, നിങ്ങളോ ഈ അവസ്ഥയിൽ എത്താം. അതു കൊണ്ടു ആര് എന്തു  പുതിയ കാര്യം പറഞ്ഞാലും, രണ്ടു പ്രാവശ്യം ആലോചിച്ചതിനു ശേഷം മാത്രം അത് സ്വീകരിക്കുക. വീണ്ടും വീണ്ടും അതിന്റെ സാധ്യതകൾ ആരായുക. നൂറു ശതമാനം ഉറപ്പുള്ള കാര്യങ്ങൾ മാത്രം മറ്റൊരാളോടൊ, പൊതു സമൂഹത്തിലോ പറയുക.

Leave a Reply