മെര്‍സല്‍

മെര്‍സല്‍, അതെ… അതാണിന്നത്തെ ചിന്താവിഷയം.
കേന്ദ്രസർക്കാർ നയങ്ങളെ വിമർശിക്കുന്നു എന്ന പേരിൽ ബി ജെ പിയുടെ ആക്രമണം നേരിട്ടാണ് മെർസൽ ചിന്താവിഷയമായത്.

ഇവിടെ പ്രസക്തമാവുന്ന ആദ്യ ചോദ്യം ‘സിനിമക്ക് സർക്കാരിനെ വിമർശിക്കാൻ അവകാശം ഇല്ലേ എന്ന് തന്നെയാണ്. കുറച്ചു കൂടി വിശാലമായി ചോദിച്ചാൽ കലക്ക് ഭരണകൂടങ്ങളെ വിമർശിക്കാൻ അവകാശമില്ലേ എന്നതും ചോദിക്കാം.

കല കലക്ക് വേണ്ടി മാത്രമാണ് സമൂഹത്തിനോട് കലയ്ക്ക് ഒരു ബാധ്യതയുമില്ല എന്ന് വിശ്വസിച്ചിരുന്ന ഒരു കൂട്ടത്തിനോട് ഉള്ള ഒരു കലഹം ആയിത്തന്നെ ആണ് കല സമൂഹത്തിനു വേണ്ടിയുള്ളതാണ് എന്ന പ്രഖ്യാപനത്തോടെ പുരോഗമന കലാസാഹിത്യ പ്രസ്ഥാനങ്ങൾ എമ്പാടും ഉണർന്നെണീറ്റത്‌.

ഇനി കലയെ മാറ്റി നിർത്തി നോക്കിയാൽ സമൂഹത്തിൽ ആർക്കും ഭരണകൂടത്തെയും, ഭരണകൂടനയങ്ങളെയും വിമർശിക്കാൻ അവകാശം തരുന്ന ഒരു ഭരണഘടനാ അല്ലെ നമ്മുടേത്. 19 -ആം വകുപ്പിൽ ഭരണഘടന പറയുന്ന അഭിപ്രായ സ്വാതന്ത്രയം അത് ഉറപ്പിച്ചു തരുന്നുമുണ്ടല്ലോ.

വിയോജിക്കാനുള്ള അവകാശം ആണ് ജനാധിപത്യത്തിന്റെ ആണിക്കല്ല് എന്ന് പറഞ്ഞതാരാണെന്നു ഓർമ്മയില്ലെങ്കിലും, അതിന്റെ സത്യത്തിൽ ആർക്കും സംശയം ഉണ്ടാവാൻ തരമില്ല. ഒരു പക്ഷെ ഫാസിസ്റ്റുകൾക്ക് ഒഴിച്ച്.

പക്ഷെ പുതിയ എതിർപ്പ് വിമർശനം വസ്തുനിഷ്ഠാപരമല്ല എന്നതാണ്. സിനിമക്ക് കഥയെഴുതുമ്പോൾ സത്യം മാത്രമേ പറയാവൂ എന്നും നിർബന്ധം ഉണ്ടോ?

സത്യജിത് റേയുടെ സിനിമകളിലെ മിത്തിക്കൽ അംശങ്ങൾ ഒക്കെ നിരോധിക്കപ്പെടേണ്ടതാണോ?

ഒരു പക്ഷെ അച്ഛൻ പത്തായത്തിലില്ല എന്ന് പറയുന്ന കുട്ടിയെപ്പോലെയാണോ ഈ ബി ജെ പിക്കാർ മെർസലിനെ എതിർക്കുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

വാഗ്ധോരണി കൊണ്ട് ചക്രവർത്തിയെപ്പോലും വെല്ലുവിളിച്ച ഗ്രീക്ക് പ്രാസംഗികൻ ഡെമോസ്തനീസിനെയും, ചിലിയിലെ ഏകാധിപതികളെ വിറളി പിടിപ്പിച്ച നെരൂദയെയും പോലെ ഓരോ കലാകാരനും തന്നാലാവും വിധം ഭരണകൂട നികൃഷ്ടതകൾക്കെതിരെ പ്രതികരിച്ചിരുന്നു.

അതോടൊപ്പം ശ്രദ്ധിക്കേണ്ടത് തമിഴിലെ എല്ലാ പ്രധാന നടന്മാരും വിജയിന് പിന്തുണ പ്രഖ്യാപിച്ചു എന്നതാണ്. പ്രബുദ്ധകേരളത്തിലെ താരങ്ങൾ പേടിച്ചു നിൽക്കുകയും ചെയ്യുന്നു. നമ്മുടെ സിനിമാതാരങ്ങൾ സുരക്ഷിതമായ സിനിമകൾ നിർമ്മിച്ച് സമൂഹത്തിൽ നിന്നും അകന്നു കഴിയുമ്പോൾ ഒരു സംഘടനയുടെയും ബലത്തിന് കാക്കാതെ തമിഴ് താരങ്ങൾ നിലപാടുകൾ എടുക്കുന്നു. അവ തുറന്നു പറയുന്നു.

ആരെയും എന്തിനെയും എപ്പോളും വിമർശിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ ജനാധിപത്യം അർത്ഥശൂന്യമാണ്‌ എന്ന് മനസ്സിലാക്കാൻ എങ്കിലും ഈ സന്ദർഭം ഉപയോഗപ്പെടട്ടെ. അല്ലെങ്കിൽ സ്വാതത്ര്യം അടിയറവെച്ചവന്ധ്യംകരിക്കപ്പെട്ട ഒരു ജനതയായിരുന്നു നമ്മൾ എന്ന് ചരിത്രം വിധിയെഴുതും.

Leave a Reply