പ്രമുഖ നടന്റെ ഫേസ്‌ബുക്ക്

മലയാളത്തിലെ ഒരു പ്രമുഖ നടൻ അടുത്തിടെ ഫേസ്‌ബുക്കിൽ സജീവമായി. ലോകത്തു നടക്കുന്ന നല്ലതും  ചീത്തതും ആയ എന്തിനെ കുറിച്ചും ആധികാരികമായി അഭിപ്രായം പറയുക, അതിനു വരുന്ന പ്രതികരണങ്ങൾ ആസ്വദിക്കുക. വിവാദ വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ കൂടുതൽ ജനശ്രദ്ധ കിട്ടും എന്ന് മനസ്സിലാക്കിയ നടൻ പിന്നീട് വിവാദവിഷയങ്ങളിൽ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങി. 400 ലൈക്കിൽ നിന്നു 4000 ലൈക്കിൽ നിന്നും 45000 ലൈക്കിലേക്കും എത്തിയപ്പോൾ അദ്ദേഹം മനസ്സിലാക്കി ജനങ്ങൾക്ക് ഉള്ളിന്റെയുള്ളിൽ ഒരു സ്ഥായിയായ ഭരണവിരുദ്ധ വികാരം ഉണ്ട്. അതു പൂർണ്ണമായും മുതലെടുക്കുന്ന വിമർശനങ്ങൾ കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റും. വിമർശിക്കാൻ പുതിയതൊന്നും ഇല്ലെങ്കിലോ? നല്ല കാര്യങ്ങളുടെയും മോശം വശം ചികഞ്ഞെടുക്കുക,  അല്ലെങ്കിൽ എന്തെങ്കിലും മോശമാണ് എന്നു വരുത്തുക, വിമർശിക്കുക.

ആദ്യമേ തന്നെ പറയട്ടെ, ആൾ നല്ല കഴിവുള്ള, അഭിനയം കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റിയ നടൻ ആണ്. അല്ലാതെ തട്ടിക്കൂട്ടും ഗുസ്തിയും അല്ല. എന്നിട്ടു പോലും ഫേസ്‌ബുക്ക് ലൈക്കുകൾ അദ്ദേഹത്തെ മോഹിപ്പിക്കുന്നു എന്നത് ഒരു അത്ഭുതം അല്ലെ? നമ്മുടെ എല്ലാവരുടെയും ഉള്ളിൽ പതുങ്ങിക്കിടക്കുന്ന ആത്‍മരതിയെ (Narcissism) പരിപോഷിപ്പിക്കുന്നു എന്നതാണ് എല്ലാ സാമൂഹിക മാധ്യമങ്ങളുടെയും വിജയരഹസ്യം. ഏത്ര പ്രശസ്തനായ വ്യക്തിക്കും ഒരു പിടി കൂടെ പ്രശസ്തനാവാനുള്ള ആഗ്രഹം, അതു മുതലെടുക്കുന്ന മാധ്യമങ്ങൾ.

ഞാൻ വസ്തുതപരാമല്ലാത്ത വിമർശനങ്ങളെ കുറിച്ചു മാത്രമാണ് ഈ അഭിപ്രായം പറയുന്നത്. പക്ഷെ, അങ്ങനെ വരുമ്പോൾ വസ്തുതാപരമായ തെറ്റു കരുതിക്കൂട്ടി വരുത്തിയതല്ല എന്നു ഉറപ്പ് വേണമല്ലോ. തെറ്റ് ചൂണ്ടിക്കാട്ടി ഞാൻ പ്രസ്തുത നടന്റെ പോസ്റ്റിൽ ഒരു കമന്റ് ഇട്ടു. കരുതിക്കൂട്ടി വരുത്തിയ തെറ്റല്ലെങ്കിൽ തിരുത്താൻ നമ്മൾ അവസരം കൊടുക്കണമല്ലോ. ഒരു മറുപടിയുമില്ല! തിരക്കുള്ള ആളല്ലേ, നമ്മുടെ കമന്റ് കണ്ടുകാണില്ല. നമ്മുടെ കമന്റിന് താഴെ നടന്റെ പോസ്റ്റിനെ പുകഴ്ത്തി ഒരു കമന്റ് വന്നു, കാര്യമായി ഒന്നുമില്ല. അങ്ങ് പറഞ്ഞതാണ് ശരി, അങ്ങ് മഹാനാണ് ലൈൻ. ഉടനെ വന്നു നടന്റെ ലൈക്ക്. അപ്പോൾ കാര്യം മനസ്സിലായി, കാണാത്തതല്ല, കാണണ്ട എന്നു തീരുമാനിച്ചതാണ്. 

ഉള്ള കാര്യം പറഞ്ഞാൽ പ്രസ്തുത നടനെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. സമ്പദ്‌വ്യവസ്ഥയെ പറ്റി പോലും സാമ്പത്തിക വിദഗ്ദ്ധൻ പറയുന്നതിനെക്കാളും നമുക്ക് സ്വീകാര്യം വല്ല നടനോ, ക്രിക്കറ്റ് കളിക്കാരനോ പറയുന്നതാണ്. മഹാനടൻ ബ്ലോഗിൽ ഏഴുതുന്നത് സത്യവും വിഷയം പഠിച്ച അന്താരാഷ്ട്ര വിദഗ്ദ്ധൻ പറയുന്നത് തെറ്റും ആവുന്ന നാടാണിത്. ശ്രീജിത് മൂക്കൻ(വിശ്വ വിഖ്യാതമായ മൂക്ക്- ബഷീർ) വിഷയത്തെ പറ്റി എന്ത് പറഞ്ഞു എന്നതിന് വേണ്ടി കാതോർക്കുന്ന ഒരു ജനതയാണ് നമ്മൾ. 

ആദ്യമേ തന്നെ നമ്മൾ വിഷയത്തിൽ അവഗാഹം ഉള്ളവരുടെ അഭിപ്രായത്തിന് കൂടുതൽ വില കൊടുക്കാൻ പഠിക്കണം. ഒരു ക്രിക്കറ്റ് കളിക്കാരൻ, അയാൾ എത്ര നല്ല കളിക്കാരനാണെങ്കിലും ഒരു നല്ല രാഷ്ട്രീയക്കാരനോ, ഒരു അഭിനേതാവ് അയാൾ ഏത്ര നല്ല നാടൻ ആണെങ്കിലും ഒരു നല്ല സാമ്പത്തിക ശാസ്ത്രജ്ഞനോ ആവണം എന്നില്ല എന്നു നമ്മൾ മനസ്സിലാക്കണം. അവഗണിക്കേണ്ടത് അവഗണിക്കാനും സ്വീകരിക്കേണ്ടത് സ്വീകരിക്കാനും നമ്മൾ ശീ ലിക്കണം

3 comments / Add your comment below

  1. ജോയ് ഉള്ള ഒരു മാത്യൂ ആണോ ഇവിടെ പരാമർശിക്കപ്പെട്ട പ്രമുഖൻ

    1. ആരാണ് നടൻ എന്നു പറഞ്ഞാൽ അദ്ദേഹത്തിന് അപകീർത്തികരം ആവില്ലേ?

Leave a Reply