കോയിക്കറീമ് റഷീദ് ഭായിയും…

കൊണ്ടോട്ടിക്കാരന്‍ റഷീദ് ഭായിന്റെ പ്രധാന വിനോദം ഭക്ഷണം ആണ്… നെയ്ച്ചോറും കോയിം ഉണ്ടോ, മൂപ്പര്‍ എന്തിനും റെഡി. ബിരിയാണി ചെമ്പില്‍ കയില്‍ തട്ടിയാല്‍ മൂപര്‍ ഒച്ച കേട്ട് എത്തും.
റഷീദ് ഭായീന്റെ മുറീല്‍ ഒരു ബാല്യ ചാര്‍ത്തുണ്ട്… ഓരോ ദെവസോം എന്താ കഴിക്കേണ്ടത്‌ എന്ന് അതില്‍ നോക്കിയാല്‍ അറിയാം. വിശദമായ മെനു. ഇത് തയ്യാറാക്കാന്‍ തന്നെ മാസങ്ങള്‍ എടുത്തു എന്നാണ് കേട്ടിട്ടുള്ളത്. പ്ലാനിംഗ് കമ്മിഷന്‍ ഇത് തയ്യാറാക്കിയ രീതിയെ പറ്റി പഠനം നടത്തിയിട്ടാണ് പഞ്ചവത്സര പദ്ധതി കുറ്റമറ്റതാക്കിയത്…
ഞായറാഴ്ച അവധിയാണല്ലോ… അന്ന് കോഴിക്കറീം ചോറും. തിങ്കളാഴ്ച രാവിലെ ബ്രെഡും തലേന്നത്തെ കോഴിക്കറി ബാക്കിയുള്ളതും. എന്തൊരു പ്ലാനിംഗ്!!!
ഒരു മാസാവസാനം, പൈസ തീര്‍ന്നു തുടങ്ങിയ ഒരു തിങ്കള്‍, രാവിലെ റഷീദ് ഭായിയെ വിളിച്ചു… 
ആദ്യം കുശലം ചോദിക്കാം, പിന്നെ പൈസയും… കൂട്ടത്തില്‍ ചോദിച്ചു’ “അല്ല ഇന്ന് തിങ്കള്‍ അല്ലെ, ഇന്നലത്തെ കോഴിയും ബ്രെഡും കഴിക്കുകയായിരിക്കും അല്ലെ?”
“അല്ല ചങ്ങായീ മാസം കയിഞ്ഞ്‌, കയ്യിലെ പൈസേം കയിഞ്ഞ്‌, കോയിയാണ് എന്ന് മനസില്‍ നിയ്യത്തും വെച്ച് ഉപ്മാവ്‌ തിന്നാ…”
ഞാന്‍ കുശലമന്വേഷിച്ചു ഫോണ്‍ താഴെ വെച്ചു, പൈസ കടം ചോദിച്ചില്ല!!!
Poems and articles by Dr Haroon Ashraf ©