ഒരു ദിവസം തുടങ്ങുന്നത്…

ഒരു ദിവസം തുടങ്ങുന്നത്
ഫോണിന്റെ നിർത്താതെയുള്ള
ചിലമ്പൽ കേട്ടുകൊണ്ടാണ്
ഇരുട്ടിന്റെ മീതെ പുതച്ച
തണുപ്പിന്റെ കരിമ്പടം
മെല്ലെ വലിച്ചു നീക്കി
സ്നൂസ്‌ ബട്ടണിൽ വിരലമർത്തി…
ആദ്യവെളിച്ചപ്പൊട്ടുകൾ ഉണരും മുൻപേ…
തലേന്നത്തെ സുരപാനത്തിന്റെ
അധിക മേദസ്സ് വിയർപ്പിലൊഴുക്കി
കിതച്ചു കിതച്ചു ഓടുന്ന പ്രഭാതം,
ശീതീകരണിയിൽ നിന്നുമുള്ള
മൂളിപ്പാട്ട് കേട്ട്,
തുകൽ കസേരകളിൽ തിരിഞ്ഞ്
ചുണ്ടുകളിൽ എരിഞ്ഞുതീരുന്നു
ലോകം,
കീബോർഡിനും മൗസിനും ഇടയ്ക്ക്
ചെറിയ ചതുരക്കള്ളിയിൽ
ഒരൽപം പ്രണയം കുടുങ്ങിക്കിടന്നു
കീബോർഡിൽ ദ്രുതതാളത്തിൽ
ആസക്തിയുടെ താണ്ഡവം…
അവസാനം ഇരുട്ടിന്റെ തുടക്കത്തിൽ
അബോധത്തിലേക്കും…
പിന്നെ പതിയെ പതിയെ ഇരുട്ടിനുള്ളിലേക്കും…
വീണ്ടും വെളിച്ചത്തിന് മുൻപേ എത്തുന്ന
മണിനാദത്തിനായി…
ഇങ്ങനെയൊക്കെ തീരാൻ വേണ്ടിത്തന്നെയായിരിക്കും
ഓരോ ദിവസവും തുടങ്ങുന്നത്…

Leave a Reply