അരവിന്ദന്റെ പാചകം

നമ്മുടെ പഴയ കഥാപാത്രം അരവിന്ദനെ ഓര്‍മ്മയില്ലേ? റഷീദ് ഭായിടെ അടുക്കള കണ്ടപ്പോള്‍ ഓനൊരു പൂതി. നാളെ മൊതല്‍ നമ്മക്കും പള്ള നെറച്ചും ചോറും സാമ്പാറും കഴിക്കണം. ഈ ഗോസായിമാരുടെ ഓണക്കച്ചപ്പാതീം ദാലും ഇനി വേണ്ട.
അങ്ങനെ അരവിന്ദന്‍ പാചകം തുടങ്ങാന്‍ തീരുമാനിച്ചു. പ്രോത്സാഹിപ്പിക്കാന്‍ റഷീദ് ഭായിയും. റഷീദ് ഭയിയാണെങ്കില്‍ എല്ലാ വിധത്തിലും തരത്തിലും ഉള്ള പാത്രങ്ങള്‍ വാങ്ങിയ ശേഷം മാത്രം പാചകം ചെയ്യാവൂ എന്നാ അഭിപ്രായക്കാരന്‍. എന്നാലും അരവിന്ദന് വേണ്ടി വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് ചുരുക്കി. അരവിന്ദന്‍ ആണെങ്കിലോ ജീവിതത്തില്‍ അടുക്കളയും പച്ചക്കറിചന്തയും കണ്ടിട്ടേയില്ല. ഷോപ്പിംഗ്‌ തുടങ്ങി.
ആദ്യം തന്നെ 500 രൂപ മുടക്കി ഒരു 5 കിലോന്റെ ഗ്യാസ് അടുപ്പ് വാങ്ങി. അത് വീട്ടില്‍ ഒരു മൂലയ്ക്ക് വൃത്തിയായ് വച്ച ശേഷം വീര്‍ ബസാര്‍ എന്നാ ലോക്കല്‍ ചന്തയിലേക്ക്.
അരവിന്ദന്‍ ഒരു പ്ലേറ്റും ഗ്ലാസും വാങ്ങുമ്പോള്‍ റഷീദ് ഭായി ‘ഒന്ന് പോര, മൂന്നെണ്ണം വാങ്ങിക്കോളി. ഞമ്മളൊക്കെ വെരുമ്പോ തിന്നാന്‍ തരണ്ടേ…’
അങ്ങനെ പാത്രം വാങ്ങി വാങ്ങി 1000 രൂപയോളം ചിലവായി. അരവിന്ദന്‍ ഈ പണിക്കു ഇറങ്ങെണ്ടിയിരുന്നില്ല എന്ന് ചിന്തിക്കാന്‍ തുടങ്ങി. ഏതായാലും ആയിരം രൂപ പോയി, ഇനി അഞ്ഞൂറും കൂടി ഉണ്ടെങ്കില്‍ കാര്യം നടക്കും, ഇവിടെ വെച്ച് നിര്‍ത്തിയാല്‍ പോയ ആയിരം മാത്രം മിച്ചം. ഒരു വിധത്തില്‍ അങ്ങേരെ പറഞ്ഞു മനസ്സിലാക്കി, ബാക്കി സാധനങ്ങള്‍ വാങ്ങി വീട്ടിലെത്തി.
അപ്പൊ റഷീദ് ഭായിക്ക് ഒരു ആഗ്രഹം. അടുക്കള ഉദ്ഘാടനം പ്രമാണിച്ച് അരവിന്ദന്റെ കയ്യില്‍ നിന്നും ചോറും സാമ്പാറും കഴിക്കണം. എങ്ങനെയാ ഉണ്ടാക്കുന്നത് എന്ന് നിങ്ങള്‍ പറഞ്ഞു തന്നാല്‍ ഞാന്‍ ഉണ്ടാക്കാം എന്ന് അരവിന്ദനും.
സാമ്പാറിന് വേണ്ട സാധനങ്ങള്‍ കുക്കറിലായി കുറച്ചു കഴിഞ്ഞപ്പോള്‍ ആദ്യ വിസില്‍. അരവിന്ദന്‍ ഈ വിസില്‍ കാണുന്നതെ ആദ്യം.
അരവിന്ദന്റെ പേടിച്ച മുഖം കണ്ടു റഷീദ് ഭായിക്ക് തമാശ. ‘അരവിന്ദോ പ്രഷര്‍ കൂടുതല്‍ ആണ്, ആ ബാതില്‍ അങ്ങട്ട് തൊറന്നാളീ, കാറ്റ് ഒയിഞ്ഞോട്ടെ’ എന്ന് റഷീദ് ഭായി.
അരവിന്ദന്‍ ഓടി പ്പോയി വാതിലും ജനലും ഒക്കെ തുറന്നിട്ടു എന്നിട്ടൊരു ചോദ്യം ‘ഇനി കുക്കര്‍ പൊട്ടിത്തെറിക്കുകയോന്നും ഇല്ലല്ലോ അല്ലെ?’.
അങ്ങനെയാണ് പ്രഷര്‍ കുക്കറിന്റെ പോയിട്ട് ചട്ടുകത്തിന്റെ പിടിപോലും കാണാത്ത അരവിന്ദന്‍ പാചകം തുടങ്ങിയത്.

1 comment / Add your comment below

  1. നാളെ മൊതല്‍ നമ്മക്കും പള്ള നെറച്ചും ചോറും സാമ്പാറും കഴിക്കണം. ഈ ഗോസായിമാരുടെ ഓണക്കച്ചപ്പാതീം ദാലും ഇനി വേണ്ട.

Leave a Reply